കോഴിക്കോട് : മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ ഓട്ടോയിൽ വച്ച് പീഡിപ്പിച്ച കേസിലെ പ്രതിക്ക് ശിക്ഷ പ്രഖ്യാപിച്ചു. 20 വർഷത്തെ തടവും 2 ലക്ഷം രൂപ പിഴയുമാണ് ഈ ക്രൂരകൃത്യം നടത്തിയ പ്രതിക്ക് ശിക്ഷയായി വിധിച്ചിരിക്കുന്നത്. കല്ലായി ചക്കുംകടവ് സ്വദേശിയായ 43 വയസ്സുകാരൻ യൂനസ് ആണ് മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ചത്.
കോഴിക്കോട് ഫാസ്റ്റ് ട്രാക്ക് പോക്സോ സ്പെഷ്യൽ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്. 2019 ജൂലൈയിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ബസ്സിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് പ്രതി യൂനസ് ഇരയായ പെൺകുട്ടിയെ പരിചയപ്പെടുന്നത്. പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച ഇയാൾ കോഴിക്കോട് ബീച്ചിലേക്ക് ഓട്ടോയിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി.
പെൺകുട്ടിയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ നിരീക്ഷിച്ച രക്ഷിതാക്കൾ നിരന്തരമായി കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം പെൺകുട്ടി പുറത്തു പറയുന്നത്. തുടർന്ന് ഇരയുടെ കുടുംബം ചേവായൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പിന്നീട് സംഭവം നടന്ന വെള്ളയിൽ പോലീസ് സ്റ്റേഷന്റെ പരിധിയിലേക്ക് ഈ കേസ് കൈമാറി. പ്രതി പിഴയായി രണ്ട് ലക്ഷം രൂപ അടച്ചില്ലെങ്കിൽ രണ്ടുവർഷം കൂടി അധിക തടവ് അനുഭവിക്കണം എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ശിക്ഷാവിധി പ്രഖ്യാപിച്ച ശേഷം പ്രതിയെ തവനൂർ ജയിലിലേക്ക് മാറ്റി.
Discussion about this post