തൃശൂർ: ശ്രീകുമാരൻ തമ്പിയുടെ കേരളഗാന വിവാദത്തിൽ അടുമുടി ദുരൂഹത. വിഷയത്തിൽ പലരും പരസ്പര വിരുദ്ധമായ പ്രതികരണങ്ങളാണ് നൽകുന്നത്. കഴിഞ്ഞ ദിവസം പ്രതിഫലം സംബന്ധിച്ച് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ വിമർശനത്തിൽ പുകഞ്ഞു തുടങ്ങിയ വിവാദം ശ്രീകുമാരൻ തമ്പിയുടെ കേരളഗാനത്തോട് കൂടി ആളിക്കത്തുകയായിരുന്നു.
ശ്രീകുമാരൻ തമ്പി എഴുതിയ പാട്ട് ക്ലീഷേ ആണെന്നും വരികൾ മാറ്റിയെഴുതാൻ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം സമ്മതിച്ചില്ലെന്നും ആയിരുന്നു സാഹിത്യ അക്കാദമി അദ്ധ്യക്ഷൻ സച്ചിദാനന്ദൻ പറഞ്ഞത്. ഡോ. എം ലീലാവതി ഉൾപ്പെട്ട വിദഗ്ധ സമിതിയാണ് ശ്രീകുമാരൻ തമ്പിയുടെ പാട്ട് തള്ളി ഹരിനാരയണന്റെ പാട്ട് സ്വീകരിച്ചതെന്നായിരുന്നു അദ്ധ്യക്ഷൻ പറഞ്ഞത്. എന്നാൽ, സച്ചിദാനന്ദന്റെ പ്രസ്താവന ഡോ. എം ലീലാവതി തള്ളി. ഈ പാട്ട് താൻ കണ്ടിട്ടേയില്ലെന്നാണ് ഡോ എം ലീലാവതി പറയുന്നത്.
തന്നോട് പല്ലവി തിരുത്താൻ പറഞ്ഞപ്പോൾ ആദ്യ വരി തിരുത്തി നൽകിയിരുന്നെന്നാണ് ശ്രീകുമാരൻ തമ്പിയുടെ പക്ഷം. തന്റെ പാട്ട് തള്ളിയോ അംഗീകരിച്ചോ എന്ന് പോലും അറിയില്ലായിരുന്നു എന്നും പിന്നീട് കേരളഗാനം ക്ഷണിച്ചുകൊണ്ടുള്ള പരസ്യമാണ് കണ്ടതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. സച്ചിദാനന്ദനും അക്കാദമി സെക്രട്ടറിയും ചേർന്നാണ് തന്നോട് പാട്ടെഴുതാൻ പറഞ്ഞത്. എന്നാൽ, സെക്രട്ടറി പറഞ്ഞെന്നാണ് കരുതിയതെന്ന് സച്ചിദാനന്ദൻ പറയുന്നു. ഇതിനർത്ഥം ഇരുവരും തമ്മിൽ ഒരു കാര്യവും ചർച്ച ചെയ്യാറില്ലെന്ന് അല്ലേ എന്നും അദ്ദേഹം ചോദിച്ചിരുന്നു.
ഗാനത്തിന്റെ തിരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്നാണ് സെക്രട്ടറി വിശദീകരണം നൽകിയത്. എന്നാൽ, ഇതിന് പിന്നാലെയാണ് ശ്രീകുമാരൻ തമ്പിയുടെ ഗാനം തള്ളിയെന്നും ഹരിനാരായണന്റേത് അംഗീകരിച്ചെന്നും പറഞ്ഞ് സച്ചിദാനന്ദൻ മുന്നോട്ട് വന്നത്. അക്കാദമിയിൽ ഏകോപനമില്ലെന്ന ആരോപണങ്ങൾ ശരിവയ്ക്കുന്ന തരത്തിലാണ് ഇപ്പോൾ വിവാദങ്ങൾ ഉയർന്ന് വരുന്നത്.
Discussion about this post