ലഖ്‌നൗ : ഉത്തർപ്രദേശിലെ ഷാംലിയിൽ നവ വധുവിനെ ഭർത്താവ് കൊലപ്പെടുത്തി. ഷാംലിക്ക് സമീപമുള്ള ഖൈൽ സ്വദേശിയായ ഷൈബ ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് 25 വയസ്സുകാരനായ മുഹമ്മദ് സുൽത്താനെ പോലീസ് അറസ്റ്റ് ചെയ്തു. നേരത്തെ വിവാഹം നിശ്ചയിച്ചിരുന്ന യുവാവിനെ കുറിച്ച് ഷൈബ പുകഴ്ത്തി സംസാരിച്ചതാണ് കൊലപാതകത്തിലേക്ക് നയിക്കാൻ കാരണമായത് എന്നാണ് മുഹമ്മദ് സുൽത്താൻ പോലീസിന് മൊഴി നൽകിയിരിക്കുന്നത്.
കാണ്ട്‌ലയിലെ ഖൈൽ പ്രദേശത്തെ താമസക്കാരനാണ് മുഹമ്മദ് സുൽത്താൻ. രണ്ടു മാസങ്ങൾക്ക് മുൻപായിരുന്നു മുഹമ്മദ് സുൽത്താന്റെയും ഷൈബയുടെയും വിവാഹം. ഭാര്യയെ ഏതാനും ആക്രമിസംഘം ചേർന്ന് കൊലപ്പെടുത്തിയെന്നാണ് ഇയാൾ ആദ്യം പോലീസിനെ അറിയിച്ചിരുന്നത്. മാതാപിതാക്കളുടെ വീട്ടിൽ നിന്ന് മടങ്ങുമ്പോൾ തന്നെയും ഭാര്യ ഷൈബയെയും അജ്ഞാതരായ അക്രമികൾ ആക്രമിക്കുകയും ഭാര്യയെ കൊലപ്പെടുത്തുകയും ചെയ്തു എന്നായിരുന്നു ഇയാൾ ആദ്യം പോലീസിനെ തെറ്റിദ്ധരിപ്പിക്കാനായി മൊഴി നൽകിയത്.
സംശയം തോന്നിയ പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിന് ഒടുവിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. കാണ്ട്ല – കൈരാന റോഡിൽ വച്ച് ആണ് ഇയാൾ ഭാര്യയെ ആക്രമിച്ചു കൊലപ്പെടുത്തിയത്. കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സ്ക്രൂഡ്രൈവർ ഉപയോഗിച്ച് മൃതദേഹം വികൃതമാക്കുകയും ചെയ്തു. ആദ്യ വിവാഹബന്ധം വേർപെടുത്തിയ മുഹമ്മദ് സുൽത്താന്റെ രണ്ടാം വിവാഹമായിരുന്നു ഷൈമയുമായുള്ളത്. നേരത്തെ നിശ്ചയിച്ചിരുന്ന വിവാഹം മുടങ്ങിയതിനുശേഷമാണ് ഷൈബ മുഹമ്മദ് സുൽത്താനെ വിവാഹം കഴിച്ചിരുന്നത്.
Discussion about this post