കോഴിക്കോട് : അയോധ്യയിലെ രാമക്ഷേത്രം മതേതരത്വത്തിന്റെ പ്രതീകമാണെന്ന പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളുടെ പരാമർശം സദുദ്ദേശ്യപരമാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. തർക്കമന്ദിര വിഷയവുമായി ബന്ധപ്പെട്ട് മുൻപും ലീഗ് സഹിഷ്ണുതയുടെ മാർഗമാണ് തിരഞ്ഞെടുത്തിരുന്നത് എന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. സാദിഖലി തങ്ങളുടെ പരാമർശം ആരും ദുർവ്യഖ്യാനം ചെയ്യേണ്ട ആവശ്യമില്ലെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.
അയോധ്യയിലെ രാമക്ഷേത്രം രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണെന്നാണ് പാണക്കാട് സാദിഖ് അലി തങ്ങൾ പരാമർശിച്ചിരുന്നത്. രാമക്ഷേത്ര വിഷയത്തിൽ പ്രതിഷേധിക്കേണ്ട കാര്യമില്ല. അയോധ്യയിലെ രാമക്ഷേത്രവും ഇനി നിർമ്മിക്കാൻ പോകുന്ന മസ്ജിദും മതേതരത്വത്തെ ശക്തിപ്പെടുത്തുന്നതാണ് എന്നും സാദിഖ് അലി ശിഹാബ് തങ്ങൾ വ്യക്തമാക്കിയിരുന്നു.
സാദിഖലി തങ്ങളുടെ പരാമർശം ആ വിഷയത്തിലെ തീയണക്കാനുള്ള ശ്രമം ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും വ്യക്തമാക്കിയിരുന്നു. എതിരാളികൾ നടത്തുന്നത് ഭിന്നിപ്പ് ഉണ്ടാക്കി മുതലടുപ്പ് നടത്താനുള്ള ശ്രമങ്ങൾ ആണ്. അയോധ്യ വിഷയവുമായി ബന്ധപ്പെട്ട് എല്ലാവരും വെള്ളത്തിന് തീ പിടിപ്പിക്കാനാണ് ശ്രമിക്കുന്നത്. അപ്പോൾ ആ തീ അണക്കാനുള്ള ശ്രമമാണ് സാദിഖലി തങ്ങൾ നടത്തിയത്. തീവ്രവാദ സ്വഭാവമുള്ള ആളുകൾ വിദ്വേഷം പരത്താൻ ശ്രമിക്കുന്ന ഈ കാലത്ത് സമാധാനത്തിനുവേണ്ടി സംസാരിക്കുന്നത് വലിയ കാര്യമാണെന്നും വി ഡി സതീശൻ വ്യക്തമാക്കി.
Discussion about this post