തിരുവനന്തപുരം: രണ്ട് വന്ദേ ഭാരതും ഹിറ്റായതോടെ കേരളത്തിൽ മൂന്നാം വന്ദേ ഭാരതും എത്തുന്നു. ഗോവയിലേക്കുള്ള വന്ദേ ഭാരത് കോഴിക്കോടേക്ക് സർവീസ് നടത്തുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. എന്ന് മുതൽ സർവീസ് നടത്തുമെന്ന കാര്യത്തിൽ ഇത് വരെ തീരുമാനമായിട്ടില്ല.
മംഗളൂരു – ഗോവ വന്ദേ ഭാരത് കോഴിക്കോട്ടേക്ക് നീട്ടണമെന്ന ആവശ്യത്തോട് റെയിൽ വേ മന്ത്രി അശ്വനി വൈഷ്ണവ് അനുകൂലമായി പ്രതികരിച്ചെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് റെയിൽവേ അമിനിറ്റീസ് കമ്മിറ്റി മുൻ ചെയർമാനും ബിജെപി നേതാവുമായ പികെ കൃഷ്ണദാസ് വന്ദേ ഭാരത് സർവീസ് നീട്ടുന്ന കാര്യം ടൈംടേബിൾ കമ്മിറ്റിയുടെ പരിഗണനയിലാണെന്ന് അറിയിച്ചിരിക്കുന്നത്.
പുലർച്ചെ കോഴിക്കോട് നിന്ന് ആരംഭിച്ച് മംഗളൂരു- ഗോവ സർവീസ് നടത്തുന്ന രീതിയിലായിരിക്കും ട്രെയിൻ സർവീസ് പുനക്രമീകരിക്കുക. നിലവിൽ ഗോവയ്ക്ക് മുൻപായി ഉഡുപ്പിയിലും കാർവാറിലും മാത്രമായിരുന്നു. മൂകാംബിക ക്ഷേത്ര തീർത്ഥാടകരെ കണക്കിലെടുത്ത് ബൈന്തൂരിലും സ്‌റ്റോപ്പ് അനുവധിക്കുന്ന കാര്യം പരിഗണനയിലുണ്ട്. അങ്ങനെയെങ്കിൽ കണ്ണൂർ, കാസർകോട്, മംഗലാപുരം, ബൈന്തൂർ, ഉഡുപ്പി, കാർവാർ എന്നീ സ്‌റ്റോപ്പുകൾ പിന്നിട്ടായിരിക്കും ട്രെയിൻ മഡ്ഗാവിലെത്തുക. മറ്റ് ട്രെയിനുകളുടെ സർവീസിനെ ബാധിക്കാത്ത രീതിയിലായിരിക്കും പുതിയ വന്ദേ ഭാരതിന്റെ സമയക്രമം തീരുമാനിക്കുക.
അതേസമയം, രാജ്യത്ത് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളും വൈകാതെ സർവീസ് ആരംഭിക്കും. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ ആദ്യ മാതൃക മാർച്ച് മാസത്തോടെ തയ്യാറാകുമെന്നും ഏപ്രിൽ മുതൽ പരീക്ഷണ ഓട്ടം ആരംഭിക്കുമെന്നുമുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 2025 അവസാനത്തോടെ വന്ദേഭാരത് സ്ലീപ്പർ സർവീസ് ആരംഭിക്കാനാണ് ലക്ഷ്യം.
Discussion about this post