ന്യൂഡൽഹി : ഉത്തരേന്ത്യയിൽ വലിയ തോതിലുള്ള ഗതാഗത തടസ്സം സൃഷ്ടിച്ച് കനത്ത മൂടൽമഞ്ഞ് തുടരുന്നു. കടുത്ത മൂടൽമഞ്ഞ് മൂലം ദൃശ്യപരത കുറവായതിനാൽ ഡൽഹിയിൽ മാത്രം ഇന്ന് റദ്ദാക്കിയത് 118 വിമാന സർവീസുകൾ ആണ്. നിരവധി വിമാനങ്ങൾ വൈകി സർവീസ് നടത്തുന്നു. ട്രെയിൻ സർവീസിനെയും മൂടൽമഞ്ഞ് കാര്യമായി ബാധിച്ചിട്ടുണ്ട്. ഭൂരിഭാഗം ട്രെയിനുകളും മണിക്കൂറുകളോളം വൈകിയാണ് ഓടുന്നത്.
ഡൽഹി വിമാനത്താവളത്തിൽ 118 വിമാനങ്ങൾ റദ്ദാക്കുകയും 200 ലധികം വിമാനങ്ങൾ വൈകുകയും 18 എണ്ണം വഴിതിരിച്ചുവിടുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് , ഡിസംബർ 30 ന് ഇന്ത്യൻ സമയം രാവിലെ 9.30 ന് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദൃശ്യപരത 350 മീറ്ററായിരുന്നു. ശക്തമായതും ഇടതൂർന്നതുമായ മൂടൽമഞ്ഞിനെയാണ് ഇത് സൂചിപ്പിക്കുന്നത്.
ഉത്തരേന്ത്യയിൽ ഉടനീളം വിമാനത്താവളങ്ങളിൽ ദൃശ്യപരത കുറയുന്നതിനാൽ വിമാനങ്ങൾ വൈകാൻ സാധ്യതയുണ്ടെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചൊവ്വാഴ്ച മുന്നറിയിപ്പ് നൽകി. ഡൽഹി, അമൃത്സർ, ചണ്ഡീഗഢ്, ജമ്മു, കൊൽക്കത്ത, റാഞ്ചി, ഗുവാഹത്തി വിമാനത്താവളങ്ങളെ മോശം കാലാവസ്ഥ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.












Discussion about this post