വാഷിംഗ്ടൺ : ഇറാൻ രാസായുധങ്ങൾ പരീക്ഷിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിൽ രൂക്ഷ പ്രതികരണവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. മാർ-എ-ലാഗോയിൽ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഇറാനെതിരെ ട്രംപ് കടുത്ത ഭാഷയിൽ ഭീഷണി മുഴക്കി.ആണവ പദ്ധതി വീണ്ടും ആരംഭിച്ചാൽ സമ്പൂർണ്ണ നാശമായിരിക്കും നേരിടേണ്ടി വരിക എന്ന് ട്രംപ് ഇറാനെ അറിയിച്ചു.
ഇറാന്‍ തങ്ങളുടെ ബാലിസ്റ്റിക് മിസൈല്‍ പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിക്കുകയോ ആണവ പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതിയിടുകയോ ചെയ്താല്‍ പുതിയ ആക്രമണങ്ങള്‍ നടത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇറാൻ വീണ്ടും ശക്തി പ്രാപിക്കാൻ ശ്രമിക്കുന്നതായി ഇപ്പോൾ കേൾക്കുന്നു, അങ്ങനെയാണെങ്കിൽ, നമ്മൾ അവരെ തകർക്കേണ്ടിവരും. ടെഹ്‌റാനിലെ സംഭവവികാസങ്ങള്‍ യുഎസ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ട്രംപ് പറഞ്ഞു.
ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് രാസ, ജൈവ ഓപ്ഷനുകൾ ഉൾപ്പെടെയുള്ള പാരമ്പര്യേതര മിസൈൽ പേലോഡുകളുടെ പ്രവർത്തനം ത്വരിതപ്പെടുത്തുന്നുവെന്ന് പേര് വെളിപ്പെടുത്താത്ത സൈനിക, സുരക്ഷാ സ്രോതസ്സുകളെ ഉദ്ധരിച്ച് ഇറാൻ ഇന്റർനാഷണൽ ഞായറാഴ്ച റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഈ പരാമർശങ്ങൾ. ഈ വർഷം ആദ്യം, ബി2 ബോംബറുകൾ ഉപയോഗിച്ച് വ്യോമാക്രമണം നടത്തി ഇറാന്റെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങൾ നശിപ്പിച്ചതായി അമേരിക്ക അവകാശപ്പെട്ടിരുന്നു. ആണവ പദ്ധതി വീണ്ടും പുനരാരംഭിച്ചാൽ ഇറാന് കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ ശക്തമായ പ്രഹരം നൽകുമെന്നും ട്രംപ് സൂചിപ്പിച്ചു.










Discussion about this post