1880-കൾ. കറുപ്പും വെളുപ്പും നിറഞ്ഞ ആ കാലഘട്ടത്തിൽ, ഫോട്ടോഗ്രാഫി എന്നത് ഇന്നത്തെപ്പോലെ ഒരു ‘സെൽഫി’ എടുക്കുന്ന അത്ര എളുപ്പമായിരുന്നില്ല. ഒരു ഫോട്ടോ എടുക്കണമെങ്കിൽ വലിയൊരു വണ്ടിയിൽ കൊണ്ടുപോകേണ്ടത്ര വലിപ്പമുള്ള ക്യാമറകളും, ഭാരമേറിയ ഗ്ലാസ് പ്ലേറ്റുകളും, അപകടകാരികളായ രാസവസ്തുക്കളും ഒക്കെ വേണമായിരുന്നു. സങ്കീർണ്ണമായ ഒന്നായിരുന്നു അന്ന് ഫോട്ടോഗ്രാഫി.
ഈ ബുദ്ധിമുട്ടുകൾക്കിടയിൽ നിന്നാണ് ജോർജ്ജ് ഈസ്റ്റ്മാൻ എന്ന ബാങ്ക് ക്ലർക്കിന്റെ വിപ്ലവകരമായ ചിന്ത തുടങ്ങുന്നത്. ജോർജ്ജ് ഈസ്റ്റ്മാൻ തന്റെ ഒരു അവധിക്കാല യാത്രയ്ക്ക് തയ്യാറെടുക്കുമ്പോഴാണ് ഫോട്ടോഗ്രാഫിയിലെ ഈ കഷ്ടപ്പാടുകൾ നേരിട്ട് അനുഭവിക്കുന്നത്. ക്യാമറയും അനുബന്ധ ഉപകരണങ്ങളും കൊണ്ടുപോകാൻ ഒരു കുതിരവണ്ടി തന്നെ വേണമെന്ന അവസ്ഥ അദ്ദേഹത്തെ ചിന്തിപ്പിച്ചു. “എന്തുകൊണ്ട് ഫോട്ടോഗ്രാഫിയെ ഒരു പെൻസിൽ കൊണ്ട് വരയ്ക്കുന്നതുപോലെ ലളിതമാക്കിക്കൂടാ?” എന്നതായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
ബാങ്കിലെ ജോലി ഉപേക്ഷിച്ച്, തന്റെ അമ്മയുടെ അടുക്കളയിൽ രാത്രികാലങ്ങളിൽ അദ്ദേഹം രാസപരീക്ഷണങ്ങൾ നടത്തി. ഒടുവിൽ, 1888-ൽ അദ്ദേഹം ലോകത്തിന് മുന്നിൽ ഒരു കുഞ്ഞു പെട്ടി വെച്ചു. അതായിരുന്നു ആദ്യത്തെ കൊഡാക് ക്യാമറ!
“You Press the Button, We Do the Rest”
ഈ ഒരു വാചകത്തിലൂടെയാണ് കൊഡാക് ലോകം കീഴടക്കിയത്. കൊഡാക് ക്യാമറ വാങ്ങുന്ന ഒരാൾക്ക് ഫോട്ടോ എടുക്കാൻ ഒന്നും പഠിക്കാനുണ്ടായിരുന്നില്ല. നൂറു ഫോട്ടോകൾ എടുക്കാൻ കഴിയുന്ന ഒരു ഫിലിം റോൾ ഉള്ളിലുണ്ടാകും.നൂറു ഫോട്ടോകളും എടുത്തു കഴിഞ്ഞാൽ നിങ്ങൾ ആ ക്യാമറ കൊഡാക് കമ്പനിക്ക് അയച്ചു കൊടുക്കണം. അവർ ആ ഫോട്ടോകൾ കഴുകി (Process) പ്രിന്റ് എടുത്ത്, പുതിയൊരു ഫിലിം റോൾ കൂടിയിട്ട് ക്യാമറ നിങ്ങൾക്ക് തിരികെ അയക്കും.
കൊഡാക് ഫോട്ടോഗ്രഫിയെ അങ്ങനെ സാധാരണക്കാരന്റെ കൈകളിലെത്തിച്ചു. ഫിലിം വിറ്റും അത് കഴുകി (Process) കൊടുത്തുമാണ് കൊഡാക് കോടികൾ സമ്പാദിച്ചിരുന്നത്. ആകാലത്ത് ലോകത്തിലെ 90 ശതമാനം ഫിലിം വിപണിയും കൊഡാക്കിന്റെ കൈവശമായിരുന്നു.
വർഷം 1975. കൊഡാക്കിന്റെ പരീക്ഷണശാലയിൽ ഒരു ചെറുപ്പക്കാരൻ എൻജിനീയർ, സ്റ്റീവൻ സാസ്സൺ, ആവേശത്തോടെ ഒരു യന്ത്രം നിർമ്മിച്ചു. ഇന്നത്തെ ഫോണുകളുടെ അത്ര പോലുമില്ലാത്ത ഒരു കറുത്ത പെട്ടി ഒരു ടോസ്റ്ററിന്റെ വലുപ്പമുള്ള, വയറുകൾ പുറത്തേക്ക് തള്ളിനിൽക്കുന്ന ആ യന്ത്രത്തിന് ഒരു ഫോട്ടോ പകർത്താൻ 23 സെക്കൻഡ് വേണമായിരുന്നു. പക്ഷേ അതിനൊരു പ്രത്യേകതയുണ്ടായിരുന്നു. ഫോട്ടോയെടുക്കാൻ അതിന് ഫിലിം റോൾ വേണ്ട! പ്രകാശത്തെ ഡിജിറ്റൽ സിഗ്നലുകളാക്കി മാറ്റി ഒരു മെമ്മറി കാർഡിൽ സൂക്ഷിക്കാവുന്ന വിദ്യ.
സാസ്സൺ ഇത് മാനേജ്‌മെന്റിന് മുന്നിൽ കാണിച്ചു. ലോകത്തിലെ ആദ്യത്തെ ഡിജിറ്റൽ ക്യാമറ! ആ നിമിഷം കൊഡാക്കിന് ലോകത്തെ മാറ്റിമറിക്കാമായിരുന്നു.കൊഡാക്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നിമിഷമാകേണ്ടതായിരുന്നു അത്. പക്ഷേ, ആ മുറിയിൽ ഇരുന്നിരുന്ന എക്സിക്യൂട്ടീവുകൾ പരസ്പരം നോക്കി പുച്ഛിച്ചു. അവരുടെ കണ്ണുകളിൽ ആവേശം കണ്ടില്ല, പകരം കണ്ടത് ഭയമായിരുന്നു.
“ഇതൊരു മനോഹരമായ കളിപ്പാട്ടമാണ് സ്റ്റീവൻ, പക്ഷേ ഇത് ആരോടും പറയരുത്. ഞങ്ങൾ ഫിലിം വിൽക്കുന്നവരാണ്. ആളുകൾക്ക് ഫോട്ടോകൾ കാണണമെങ്കിൽ അവ പേപ്പറിൽ പ്രിന്റ് ചെയ്യണം. ഒരു ടിവി സ്ക്രീനിൽ നോക്കി ആരെങ്കിലും ഫോട്ടോ ആസ്വദിക്കുമോ? നമ്മൾ ഫിലിം വിൽക്കുന്നവരാണ്. ഒരു റോൾ ഫിലിമിന് ലാഭം കിട്ടുന്ന ബിസിനസ്സ് വിട്ട്, ഈ കളിപ്പാട്ടത്തിന് പിന്നാലെ പോകാൻ ഞങ്ങൾക്ക് ഭ്രാന്തില്ല!”
കൊഡാക്കിന്റെ ബിസിനസ്സ് മോഡൽ ലളിതമായിരുന്നു. ക്യാമറകൾ അവർ ലാഭമില്ലാതെ വിറ്റു, പക്ഷേ ഓരോ തവണ ഫോട്ടോ എടുക്കുമ്പോഴും ആളുകൾക്ക് ഫിലിം റോൾ വാങ്ങേണ്ടി വന്നു. അത് പ്രിന്റ് ചെയ്യാൻ കെമിക്കലുകൾ വാങ്ങേണ്ടി വന്നു.
ഡിജിറ്റൽ ക്യാമറ വന്നാൽ ഈ വരുമാനം ഇല്ലാതാകുമെന്ന് അവർ ഉറച്ചു വിശ്വസിച്ചു. അതുകൊണ്ട് തങ്ങൾ തന്നെ കണ്ടുപിടിച്ച വിദ്യ അവർ ലോകത്തിന് മുന്നിൽ നിന്നും മറച്ചുവെച്ചു. സ്വന്തം താളിൽ പുതിയ ചരിത്രമെഴുതുന്നതിന് പകരം, പഴയ താളുകളിൽ മാത്രം അവർ കണ്ണ് നട്ടു. ഇതിനെ ബിസിനസ്സ് ഭാഷയിൽ ‘Marketing Myopia’ (ഭാവി കാണാനുള്ള കഴിവില്ലായ്മ) എന്ന് വിളിക്കുന്നു.
പക്ഷേ, ലോകം കൊഡാക്കിന് വേണ്ടി കാത്തുനിന്നില്ല. ജപ്പാനിലെ സോണിയും നിക്കോണും ഈ വിദ്യ രഹസ്യമായി വികസിപ്പിച്ചു. 90-കളുടെ അവസാനമായപ്പോഴേക്കും ഡിജിറ്റൽ ക്യാമറകൾ ലോകത്തെ കീഴടക്കി. കൊഡാക് അപ്പോഴും വിശ്വസിച്ചത് ആളുകൾക്ക് പഴയ ഫിലിമിന്റെ ആ “ഗന്ധവും ഗുണവും” തന്നെ വേണമെന്നായിരുന്നു.
ഒടുവിൽ 2000-ത്തിൽ അവർ വൈകി ഉണർന്നു. തങ്ങളുടെ സ്വന്തം ഡിജിറ്റൽ ക്യാമറകൾ അവർ വിപണിയിലിറക്കി. പക്ഷേ അപ്പോഴേക്കും മറ്റുള്ളവർ ബഹുദൂരം മുന്നിലെത്തിയിരുന്നു. ഏറ്റവും സങ്കടകരമായ കാര്യം, കൊഡാക് തങ്ങളുടെ ഡിജിറ്റൽ ക്യാമറകൾ വിറ്റ ഓരോന്നിലും അവർക്ക് നഷ്ടമായിരുന്നു സംഭവിച്ചത്. കാരണം, പഴയ ഫിലിം ബിസിനസ്സിൽ നിന്ന് കിട്ടിയിരുന്ന അമിതലാഭം അവരെ മടിയന്മാരാക്കി മാറ്റിയിരുന്നു.
2012 ജനുവരിയിയിലെ ഒരു ദിനം, നൂറിലധികം വർഷം, ലോകത്തിന്റെ ഓർമ്മകൾ പകർത്തിയ കൊഡാക് പാപ്പരായി പ്രഖ്യാപിക്കപ്പെട്ടു. 1,45,000 ജീവനക്കാരുണ്ടായിരുന്ന ആ സാമ്രാജ്യം വെറുമൊരു ഓർമ്മയായി മാറി.
കൊഡാക്കിന്റെ പതനം ഒരു വലിയ സത്യം നമ്മളെ ഓർമ്മിപ്പിക്കുന്നു. “നിങ്ങൾ നിങ്ങളുടെ പഴയ വിജയത്തിൽ കെട്ടിപ്പിടിച്ചു നിന്നാൽ, പുതിയ വിജയങ്ങൾ നിങ്ങളെ തൊടാതെ കടന്നുപോകും.” തങ്ങൾ എന്തിനാണോ അറിയപ്പെട്ടിരുന്നത്, ആ വിദ്യ തന്നെ തങ്ങളെ ചതിക്കുമെന്ന് അവർ കരുതിയില്ല. മാറ്റങ്ങളെ ഉൾക്കൊള്ളാൻ മടിച്ചാൽ ലോകത്തിലെ എത്ര വലിയ കൊമ്പനായാലും കാലം മായ്ച്ചു കളയുമെന്ന് കൊഡാക്കിന്റെ ചരിത്രം ഇന്നും നമ്മോട് വിളിച്ചു പറയുന്നു













Discussion about this post