ദീസ് പൂർ : രാഷ്ട്രീയ ലാഭത്തിനു വേണ്ടി സ്വന്തം സംസ്കാരവും, ഭാരതീയ ഹിന്ദു സ്വത്വവും അപമാനകരം എന്ന് പറയുകയും പ്രചരിപ്പിക്കുകയും അതൊരു ഫാഷൻ ആയി കണക്കാക്കുകയും ചെയ്തിരുന്ന സർക്കാരുകൾ ആണ് സ്വാതന്ത്രാനന്തരം ഇന്ത്യക്ക് ഉണ്ടായിരുന്നത് എന്ന് തുറന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടു ദിവസത്തെ സന്ദർശനത്തിനായി ആസാമിലെത്തിയ പ്രധാനമന്ത്രി ഒരു പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് സ്വാതന്ത്രാനന്തര കോൺഗ്രസ്സ് സർക്കാരുകൾ എങ്ങനെയാണ് നമ്മുടെ തനത് സംസ്കാരത്തെ ഇകഴ്ത്തി കാട്ടിയത് എന്ന് വ്യക്തമാക്കിയത്
രാഷ്ട്രീയ ലാഭം മുന്നിൽ കണ്ടുകൊണ്ട് ഇവർ ഭാരതത്തിലെ പുണ്യ സ്ഥലങ്ങളെ വരെ അവഗണിക്കുകയാണ് ചെയ്തതെന്നും മോദി വ്യക്തമാക്കി. എന്നാൽ ‘വികാസ്’ (വികസനം), ‘വിരാസത്’ (പൈതൃകം) എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നയങ്ങളുടെ സഹായത്തോടെ കഴിഞ്ഞ 10 വർഷമായി ഇത് നമ്മൾ തിരുത്തി. മോദി പറഞ്ഞു
“നിർഭാഗ്യവശാൽ, സ്വാതന്ത്ര്യാനന്തരം ദീർഘകാലം അധികാരത്തിലിരുന്നവർക്ക് നമ്മുടെ പുണ്യസ്ഥലങ്ങളുടെ പ്രാധാന്യം മനസ്സിലായില്ല. രാഷ്ട്രീയ നേട്ടങ്ങൾക്കായി സ്വന്തം സംസ്കാരത്തെയും ഭൂതകാലത്തെയും കുറിച്ച് ലജ്ജിക്കുന്ന പ്രവണതയാണ് അവർ സൃഷ്ടിച്ചത്,” കോൺഗ്രസ് നേതൃത്വത്തിലുള്ള മുൻ സർക്കാരുകളെ രൂക്ഷമായി വിമർശിച്ചു കൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു.
അസാമിൽ എത്തി ഇങ്ങനെ സംസാരിക്കാൻ ആയതിൽ മാ കാമാഖ്യയോട് നന്ദി പറഞ്ഞ പ്രധാനമന്ത്രി 11000 കോടി രൂപയുടെ പദ്ധതികളും ആസാം ജനതയ്ക്ക് സമർപ്പിച്ചു. വികസന പദ്ധതികൾ നടപ്പിലാകുന്നതോടു കൂടി വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായും തെക്കുകിഴക്കൻ ഏഷ്യയിലെ അയൽരാജ്യങ്ങളുമായും അസമിൻ്റെ കണക്റ്റിവിറ്റിയും ടൂറിസം മേഖലയിൽ തൊഴിലും വർദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സംസ്ഥാനത്തെ കായിക പ്രതിഭകൾക്ക് ഇത് പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും അദ്ദേഹം കൂട്ടിച്ചേർത്തു
Discussion about this post