വടക്കു കിഴക്കിന്റെ പ്രധാന കവാടം എന്ന് വിളിക്കപ്പെടുന്ന അസമിൽ ഹൈന്ദവ സംസ്കാരത്തിൽ ഏറെ പ്രാധാന്യം കൽപ്പിക്കുന്ന ഒരു ക്ഷേത്രമുണ്ട്. കാമാഖ്യ ക്ഷേത്രം എന്നറിയപ്പെടുന്ന മാ കാമാഖ്യ സിദ്ധശക്തിപീഠം ഗുവാഹത്തിയിൽ നിന്ന് എട്ട് കിലോമീറ്റർ അകലെയുള്ള നീലച്ചൽ പർവതത്തിലാണ് സ്ഥിതിചെയ്യുന്നത്. സതീദേവിയുടെ 51 ശക്തി പീഠങ്ങളിൽ ഒന്നായ കാമാഖ്യയിലാണ് ദേവിയുടെ മഹാമുദ്ര അഥവാ യോനികുണ്ഡം സ്ഥിതിചെയ്യുന്നത്. ഭാരതത്തിലെ പ്രധാന ശിവക്ഷേത്രങ്ങൾ പോലെ തന്നെ ഹൈന്ദവ വിശ്വാസ പ്രകാരം ഏറെ പ്രാധാന്യമർഹിക്കുന്നതാണ് കാമാഖ്യ ശക്തിപീഠം.
ഏറെ പ്രാധാന്യമുള്ളതാണെങ്കിലും രാജ്യത്തെ മറ്റു പല ശിവക്ഷേത്രങ്ങളെയോ ശക്തിപീഠങ്ങളെയോ പോലെ തീർത്ഥാടകർക്ക് സുഗമമായി എത്തിച്ചേരാൻ കഴിയുന്നതല്ലായിരുന്നു കാമാഖ്യ ക്ഷേത്രം. എന്നാൽ ഇപ്പോൾ കാമാഖ്യ ക്ഷേത്രത്തിലേക്കുള്ള തീർത്ഥയാത്ര കൂടുതൽ സുഗമവും എളുപ്പവും ആക്കാൻ പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. മാ കാമാഖ്യ ദിവ്യാംഗ് പരിയോജന എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ ഇടനാഴി പദ്ധതിയാണ്. ഉത്തർപ്രദേശിലെ കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴിയും മധ്യപ്രദേശിലെ ഉജ്ജയിൻ മഹാകാലേശ്വര ക്ഷേത്ര ഇടനാഴിയും കഴിഞ്ഞാൽ അടുത്ത വലിയ ഇടനാഴി ആവാൻ ഒരുങ്ങുകയാണ് കാമാഖ്യ ക്ഷേത്ര ഇടനാഴി. 498 കോടി രൂപ ചെലവിലാണ് ഈ ക്ഷേത്ര ഇടനാഴി പദ്ധതി നിർമ്മിക്കപ്പെടുന്നത്.
ഭാരതത്തിന്റെ ആത്മീയ ടൂറിസം ഭൂപടത്തിൽ കാമാഖ്യ ക്ഷേത്രത്തിന് പ്രധാന സ്ഥാനങ്ങളിലൊന്ന് നൽകുന്നതിന്റെ ഭാഗമായാണ് ഈ പുതിയ ഇടനാഴി പദ്ധതിയ്ക്ക് നരേന്ദ്രമോദി സർക്കാർ രൂപം കൊടുത്തിട്ടുള്ളത്. പദ്ധതി നിർമ്മാണം പൂർത്തിയാകുമ്പോൾ ആസമിന്റെ വികസനത്തിൽ വലിയ മാറ്റങ്ങൾ ആയിരിക്കും ഇതുമൂലം ഉണ്ടാവുക. ഫെബ്രുവരി നാലാം തീയതി അസമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കാമാഖ്യ ക്ഷേത്ര ഇടനാഴി പദ്ധതിക്ക് തറക്കല്ലിട്ടു.
കാമാഖ്യ ക്ഷേത്ര ഇടനാഴി നിർമ്മാണം പൂർത്തിയായി കഴിഞ്ഞാൽ ക്ഷേത്രത്തിന്റെ ചുറ്റുമുള്ള സ്ഥലം നിലവിൽ 3000 ചതുര അടി ഉള്ളതിൽ നിന്നും ഒരു ലക്ഷം ചതുരശ്ര അടിയായി വർദ്ധിക്കും. മാ കാമാഖ്യ ക്ഷേത്രത്തോടൊപ്പം നിലഞ്ചൽ മലയിൽ സ്ഥിതി ചെയ്യുന്ന മാധവി ക്ഷേത്രം, കമലക്ഷേത്രം ത്രിപുരസുന്ദരി ക്ഷേത്രം, കാളി ക്ഷേത്രം, ഭൈരവീക്ഷേത്രം എന്നിവയെല്ലാം കോർത്തിണക്കിയാണ് കാമാഖ്യ ക്ഷേത്ര ഇടനാഴിക്ക് രൂപം കൊടുത്തിട്ടുള്ളത്. കാമാഖ്യ ക്ഷേത്രത്തിനു സമീപം ആയുള്ള താര, ഭുവനേശ്വരി, ഛിന്നമസ്താ, ധുമാവതി, ബഗ്ലാമുഖി, ദശമഹാവിദ്യ തുടങ്ങിയ ദേവി ക്ഷേത്രങ്ങളും ഈ പുതിയ ക്ഷേത്ര ഇടനാഴിയുടെ ഭാഗമായി മാറും. അസമിന്റെയും ഗുവാഹത്തിയുടെയും വികസനത്തിൽ വലിയ മാറ്റങ്ങൾ ആയിരിക്കും കാമാഖ്യ ക്ഷേത്ര ഇടനാഴി നിർമ്മാണം പൂർത്തിയാകുന്നതോടെ സംഭവിക്കുക. ഇക്കാരണത്താൽ തന്നെ അസം ജനത ഏറെ ആകാംക്ഷയോടെയാണ് ഈ പദ്ധതിയുടെ നിർമ്മാണം പൂർത്തിയാകുന്നതിനായി കാത്തിരിക്കുന്നത്.
Discussion about this post