എറണാകുളം: കാക്കനാട് ഭവൻസ് ആദർശ വിദ്യാലയത്തിലെ പി.ടി.എ ഡേയോട് അനുബന്ധിച്ച് രക്ഷിതാക്കൾക്കും, അധ്യാപകർക്കും വേണ്ടിയുള്ള കായിക മത്സരങ്ങൾ നടന്നു. രാവിലെ 7 മണിയ്ക്ക് ക്രിക്കറ്റ് മത്സരത്തോടെയായിരുന്നു കായിക മത്സരങ്ങൾക്ക് തുടക്കം കുറിച്ചത്. ലഹരിവിമുക്ത സന്ദേശം ഉയർത്തി പിടിച്ചു കൊണ്ടുള്ള പിടിഎ ഡേ ഈ മാസം 10 നാണ്. ക്രിക്കറ്റിനെ തുടർന്ന് ഫുട്ബോൾ മത്സരവും, ബാഡ്മിന്റൺ മത്സരവും നടന്നു.
ഭവൻസ് ആദർശ സ്കൂൾ എല്ലാ കാര്യത്തിലും സമൂഹത്തിന് വഴികാട്ടിയും ഊർജ്ജവും നൽകുന്നു എന്ന് പ്രിൻസിപ്പാൾ കെ. സുരേഷ് പറഞ്ഞു. ലഹരിയിൽ നിന്നും കുട്ടികളെ പിന്തിരിപ്പിക്കുക എന്നത് കുട്ടികളെകൊണ്ട് മാത്രമാണ് സാധിക്കുകയുള്ളൂ. ഭവൻസ് സ്കൂളിലെ കുട്ടികൾ എന്നും ഈ കാര്യത്തിൽ മറ്റുള്ളവർക്ക് വഴികാട്ടികളാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ നവയുഗ കാലഘട്ടത്തിൽ, യുവതലമുറയെ ലഹരിയിൽ നിന്നും പിന്തിരിപ്പിക്കുക, അതിന് വേണ്ടി രക്ഷിതാക്കളുടെ സഹകരണത്തോടെ കുട്ടികൾക്ക് ബോധവൽക്കരണം നടത്തുക എന്നതിനാണ് ഭവൻസ് ആദർശ സ്കൂൾ ഊന്നൽ നൽകുന്നത് എന്ന് സ്കൂൾ പി.ടി.എ പ്രസിഡന്റ് ഹരിറാം.എം.വി. അഭിപ്രായപ്പെട്ടു. ഈയൊരു ഉദ്യമത്തിന് വേണ്ടി രക്ഷിതാക്കൾ ഒരുമിച്ച് നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശനിയാഴ്ച, രാവിലെ 6 മണിക്ക് ‘സേ നോ ടു ഡ്രഗ്സ്’ എന്ന സന്ദേശത്തോടെ ‘വാക്കത്തോൺ’ സംഘടിപ്പിക്കും. തൃക്കാക്കര മുനിസിപ്പൽ കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ പ്രസിഡന്റ് ഡോ.എം.പി.സുകുമാരൻ നായർ ഫ്ലാഗ്ഓഫ് ചെയ്യും. തുടർന്ന് കായിക മത്സരങ്ങൾ തുടരും. വൈകീട്ട് 4:30 മണിയ്ക്ക് ഔദ്യോഗിക ചടങ്ങ് കാലടി സംസ്കൃത സർവ്വകലാശാല മുൻ-വൈസ് ചാൻസലർ ഡോ.എം.സി.ദിലീപ് കുമാർ നിർവ്വഹിക്കും. തുടർന്ന് കലാ പരിപാടികൾ അരങ്ങേറും.
Discussion about this post