ബംഗളൂരു : ശ്രീശങ്കരന് ശേഷം സനാതനധർമ്മ സംഘാടനം നടത്തിയത് ആർഎസ്എസ് ആണെന്ന് ആത്മീയ ഗുരു ശ്രീ ശ്രീ രവിശങ്കർ. സംസ്‌കാർ ഭാരതി സംഘടിപ്പിക്കുന്ന നാല് ദിവസത്തെ അഖിൽ ഭാരതീയ കലാസാധക് സംഗമത്തിന്റെ ഉദ്ഘാടന ചടങ്ങിനു ശേഷം സംസാരിക്കുകയായിരുന്നു ശ്രീ ശ്രീ രവിശങ്കർ. ആർഎസ്എസ് മേധാവി മോഹൻ ഭഗവതും ചടങ്ങിൽ പങ്കെടുത്തു.
ബെംഗളൂരുവിലെ ശ്രീ ശ്രീ രവിശങ്കർ ഇൻ്റർനാഷണൽ സെൻ്ററിൽ ആണ് കലാസാധക് സംഗമത്തിന്റെ ഉദ്ഘാടന ചടങ്ങുകൾ നടന്നത്. മൈസൂരിലെ മഹാരാജ യദുവീർ കൃഷ്ണദത്ത ചാമരാജ വാദിയാരും വിജയനഗറിലെ മഹാരാജ കൃഷദേവരായരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിരുന്നു. പത്മശ്രീ മഞ്ചമ്മ ജോഗ്തി, പ്രശസ്ത തബല വാദകൻ പണ്ഡിറ്റ് ശ്രീ രവീന്ദ്ര യാവഗൽ, സംസ്‌കാര ഭാരതിയുടെ ദേശീയ പ്രസിഡൻ്റും പ്രശസ്ത ചിത്രകാരനുമായ വാസുദേവ് കാമത്ത് എന്നിവരും കലാസാധക് സംഗമത്തിന്റെ ഭാഗമായി.
സ്വാതന്ത്ര്യം ലഭിച്ച് വർഷങ്ങൾക്ക് ശേഷം ഇന്ത്യ അതിൻ്റെ “ആത്മാഭിമാനം” കണ്ടെത്താനുള്ള പാതയിലാണെന്ന് ഉദ്ഘാടന ചടങ്ങിൽ ശ്രീ മോഹൻ ഭഗവത് അഭിപ്രായപ്പെട്ടു. അയോധ്യയിൽ പുതുതായി നിർമ്മിച്ച ക്ഷേത്രത്തിൽ രാം ലല്ല എത്തിയതോടെ ഇന്ത്യയുടെ സ്വത്വമാണ് തിരിച്ചെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 42 വർഷമായി കലാരംഗത്ത് ദേശീയ അവബോധം ഉണർത്താൻ പ്രവർത്തിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സംഘടനയായി സംസ്‌കാർ ഭാരതി മാറിയതായി ജനറൽ സെക്രട്ടറി അശ്വിൻ ദാൽവിയും വ്യക്തമാക്കി.
Discussion about this post