റാഞ്ചി: ഝാർഖണ്ഡിൽ ഭൂരിപക്ഷം തെളിയിച്ച് മുഖ്യമന്ത്രി ചമ്പായ് സോറൻ. 47 എംഎൽഎമാരുടെ വിശ്വാസ വോട്ട് നേടിയാണ് ചമ്പായ് സോറൻ ഭൂരിപക്ഷം തെളിയിച്ചത്. അതേസമയം 27 എംഎൽഎമാർ എതിർത്തു.
ഉച്ചയോടെയായിരുന്നു വോട്ടെടുപ്പ്. ഗവർണർ സിപി രാധാകൃഷ്ണനാണ് നിലവിലെ സർക്കാർ ഭൂരിപക്ഷം തെളിയിച്ചതായി അറിയിച്ചത്. വിശ്വാസ വോട്ടെടുപ്പിന് പിന്നാലെ നിയമസഭ തത്കാലത്തേക്ക് പിരിഞ്ഞു. മറ്റെന്നാൾ സഭ വീണ്ടും ചേരും.
81 സീറ്റുകളാണ് ഝാർഖണ്ഡ് നിയമസഭയിൽ ഉള്ളത്. ഭൂരിപക്ഷം തെളിയിക്കാൻ 41 വോട്ടുകളാണ് വേണ്ടത്. എന്നാൽ 47 എംഎൽഎമാർ സർക്കാരിനെ അനുകൂലിച്ച് വോട്ട് ചെയ്തു. ഇതിൽ 29 എംഎൽഎമാർ ഝാർഖണ്ഡ് മുക്തി മോർച്ച പാർട്ടിയുടേത് ആണ്. 17 കോൺഗ്രസ് എംഎൽഎമാരും, ഒന്ന് വീതം ആർജെഡി, സിപിഐ എംഎൽഎമാരും അനുകൂലിച്ച് വോട്ട് ചെയ്തു. ഇതോടെയാണ് സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാൻ ആയത്. 29 ബിജെപി എംഎൽഎമാരും, മൂന്ന് എജെഎസ്‌യു എംഎൽഎമാരുമാണ് എതിർത്ത് വോട്ട് രേഖപ്പെടുത്തിയത്.
Discussion about this post