ന്യൂഡൽഹി: ഈ ദശകത്തിലെ ഏറ്റവും വലിയ തമാശയാണ് സംസ്ഥാന ബജറ്റെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ബജറ്റ് കണ്ടിട്ട് ചിരിക്കണോ കരയണോ എന്ന അവസ്ഥയിലാണ് മലയാളി. ജനങ്ങളെ വിഡ്ഢികളാക്കുന്ന കണക്ക് അവതരിപ്പിക്കരുത്. സമകാലിക യാഥർത്ഥ്യങ്ങളുമായി ബജറ്റിന് ഒരു ബന്ധവുമില്ലെന്നും വി മുരളീധരൻ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ മൂലധന ചിലവും സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടുത്തുന്നതിന് യാഥാർത്ഥ്യബോധമുള്ള ഒരു പദ്ധതിയും ബജറ്റിൽ ഉണ്ടായിരുന്നില്ല. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഒരേ കണകൂട്ടലുകളും പ്രഖ്യാപനങ്ങളും മാത്രമാണ് ബജറ്റിൽ കാണാൻ സാധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
57000 കോടിയുടെ കണക്ക് ഇന്ന് വീണ്ടും ആവർത്തിച്ചിരുന്നു. ഈ പച്ചക്കള്ളം അവതരിപ്പിക്കാൻ കുറച്ചെങ്കിലും ഉളുപ്പുണ്ടെങ്കിൽ ഒരു മന്ത്രിയും തയ്യാറാവില്ല. ഈ തരത്തിൽ പച്ചക്കള്ളവും യാഥാർഥ്യവുമായി ബന്ധമില്ലാത്ത കുറേ സ്വപ്‌നങ്ങളും അവതരിപ്പിച്ച് ജനങ്ങളെ വിഡ്ഢിയാക്കാനുള്ള ശ്രമമാണ്. കേരളത്തിന്റെ മൂലധനം വർദ്ധിപ്പിക്കാനായി എന്ത് നടപടിയാണ് സർക്കാർ എടുത്തത്. കേരളത്തിന്റെ കടക്കണി കുറയ്ക്കാൻ എന്ത് നടപടിയെടുത്തു. കേരളത്തിന്റെ നികുതി പിരിവ് ഊർജിതമാക്കാൻ എന്ത് നടപടി എടുത്തു എന്നതൊക്കെ ഈ ബജറ്റിൽ അവതരിപ്പിച്ചിരുന്നുവെങ്കിൽ കേരളത്തിലെ ജനങ്ങൾക്ക് ഈ സർക്കാരിൽ എന്തെങ്കിലും പ്രതീക്ഷയുണ്ടെന്ന തോന്നൽ ഉണ്ടാകുമായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രത്തിലേക്ക് സമരം നടത്താനായി എംഎൽഎമാർ വരുന്നതിന് അര കോടിയോളം രൂപയാണ് ചിലവാകുന്നത്. ഈ അരക്കോടി ചിലവാക്കുന്നത് കൊണ്ട് എന്ത് ഗുണമാണ് കേരളത്തിന് കിട്ടുന്നത്. ഇത് ചിലവാക്കാൻ സംസ്ഥാന സർക്കാരിന് ഒരു മടിയുമില്ല. ക്ഷേമപെൻഷൻ കൈാടുക്കുന്നതിന് മാത്രമാണ് ബുദ്ധിമുട്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post