ന്യൂഡല്‍ഹി: തിരുപ്പതിയിലും വൈഷ്ണോ ദേവീ ക്ഷേത്രത്തിലും തിരക്ക് നിയന്ത്രിക്കുന്നത് എങ്ങനെയെന്ന് ശബരിമലയില്‍ ക്രമീകരണങ്ങള്‍ ഒരുക്കുന്നവര്‍ കാണണം എന്ന് സുപ്രീംകോടതി . രാജ്യത്തെ മറ്റ് പ്രധാന ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് മികച്ച അന്തരീക്ഷമാണ് കിട്ടുന്നത്. ആ ഒരു അന്തരീക്ഷം ശബരിമലയിലും ഉണ്ടാകണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ഗുരുദ്വാരകള്‍ സന്ദര്‍ശിക്കൂ. സുവര്‍ണ ക്ഷേത്രത്തിലും മറ്റും എത്ര ഭംഗിയായാണ് തീര്‍ത്ഥാടകരുടെ തിരക്ക് അവിടത്തെ ഭരണാധികാരികള്‍ നിയന്ത്രിക്കുന്നത് എന്ന് ജസ്റ്റിസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടി.
ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കുന്നതിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം എന്നാവിശ്യപ്പെട്ട് തമിഴ്‌നാട് സ്വദേശി കെ.കെ രമേഷ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.അമര്‍നാഥ് തീര്‍ഥാടകര്‍ക്കുള്ളതു പോലെ ശബരിമലയിലും തീര്‍ഥാടകര്‍ക്കു മുന്‍കൂട്ടി റജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസുമാരായ കെ .വി വിശ്വനാഥ് , സൂര്യകാന്ത് എന്നിവരുടെ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ കേരള ഹൈക്കോടതിയാണ് ഉചിതമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
എന്നാല്‍ ഈ വര്‍ഷത്തെ മണ്ഡലകാലത്ത് അയ്യപ്പ ഭക്തര്‍ ശബരിമലയിലെ സൗകര്യങ്ങളുടെയും , ക്രമീകരണങ്ങളുടെയും അപര്യാപ്തത കാരണം വളരെ ബുദ്ധിമുട്ട് അനുഭവിച്ചു എന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. പ്രായമായവര്‍, കുട്ടികള്‍ എന്നിവരാണ് കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിച്ചത് എന്നും കോടതി വ്യക്തമാക്കി .
പൊതു ഹര്‍ജികള്‍ നല്‍കുമ്പോള്‍ കാര്യങ്ങള്‍ പഠിച്ചു വേണം ഹര്‍ജി നല്‍ക്കേണ്ടത് എന്നായിരുന്നു സുപ്രീം കോടതിയുടെ പ്രതികരണം. ഇന്റര്‍നെറ്റില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ച് പൊതു താത്പര്യ ഹര്‍ജി ഫയല്‍ചെയ്യുന്നതിന് മുമ്പ് വിഷയത്തെ കുറിച്ച് വിശദമായി പഠിക്കണമെന്നും ഹര്‍ജിക്കാരനോട് കോടതി നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഹര്‍ജിക്കാരന്‍ ഹര്‍ജി പിന്‍വലിച്ചു
Discussion about this post