തിരുവനന്തപുരം : കേരള സർക്കാരിന്റെ പുതിയ ബജറ്റിൽ പ്രവാസികൾക്ക് അവഗണനയെന്ന് പരാതി ഉയരുന്നു. പുതിയ പദ്ധതികൾ ഒന്നും ഇല്ലെന്ന് മാത്രമല്ല മുൻപ് പ്രഖ്യാപിച്ചിരുന്ന രണ്ട് പദ്ധതികളുടെ വിഹിതം വെട്ടി കുറയ്ക്കുകയും ചെയ്തു. മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസ ഏകോപന പദ്ധതിയ്ക്ക് കഴിഞ്ഞതവണ 50 കോടി വകയിരുത്തിയിരുന്നത് ഇത്തവണ 44 കോടിയാക്കി മാറ്റുകയാണ് സർക്കാർ ചെയ്തത്.
പ്രവാസികൾക്ക് സുസ്ഥിര വേദന ഉറപ്പുവരുത്തുന്ന എൻ ഡി പി ആർ ഇ എം പദ്ധതിയുടെയും സാന്ത്വന പദ്ധതിയുടെയും വിഹിതത്തിൽ യാതൊരു വർദ്ധനവും ഈ ബജറ്റിൽ സർക്കാർ വരുത്തിയിട്ടില്ല. രണ്ടുവർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത ശേഷം കേരളത്തിലേക്ക് മടങ്ങിയെത്തുന്നവർക്കായി 50000 രൂപ വരെ ചികിത്സാസഹായം, ഒരു ലക്ഷം രൂപ വരെ വിവാഹ ധനസഹായം എന്നിവ വാഗ്ദാനം ചെയ്തിരുന്നതാണ് സാന്ത്വന പദ്ധതി. കഴിഞ്ഞ ബജറ്റിൽ 33 കോടി രൂപയായിരുന്നു സർക്കാർ ഈ പദ്ധതിക്കായി മാറ്റി വച്ചിരുന്നത്.
നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനായി സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നത് പ്രോത്സാഹിപ്പിക്കാൻ ആയി ആയിരുന്നു എൻ ഡി പി ആർ ഇ എം. കഴിഞ്ഞതവണത്തെ ബജറ്റിൽ 25 കോടി രൂപയായിരുന്നു ഈ പദ്ധതിക്ക് മാറ്റിവച്ചിരുന്നത്. ഈ ബജറ്റിൽ ഈ പദ്ധതിയിലും യാതൊരു വർദ്ധനവും വരുത്തിയിട്ടില്ല. സംസ്ഥാന സർക്കാരിന്റെ ഈ അവഗണനക്കെതിരെ പ്രവാസി സമൂഹങ്ങളിൽ നിന്നും രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.
Discussion about this post