ന്യൂഡല്‍ഹി: ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരബന്ധം ഒരു ‘ ചപ്പാത്തി ‘ പോലെ പരന്നതല്ലെന്നും, പൂരി ‘ പോലെ വികസിക്കുന്നതാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഓഫ് എനര്‍ജി റിസോഴ്സ് ജെഫ്രി ആര്‍ പിയാറ്റ് . ഉഭയകക്ഷി വ്യാപാരം , നിക്ഷേപം എന്നി മേഖലകളില്‍ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള വിദേശ വ്യാപാര കരാറുകളെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
യുഎസില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ചരക്ക് കയറ്റുമതിയില്‍ ഗണ്യമായ വര്‍ദ്ധനവാണ് ഉണ്ടായത്. 2022 ല്‍ 47.2 ബില്യണ്‍ ഡോളര്‍ വളര്‍ച്ചയിലെത്തി. മുന്‍വര്‍ഷത്തേക്കാള്‍ 17.9 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2012നെ അപേക്ഷിച്ച് 113 ശതമാനം വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിലൂടെ ഇന്ത്യ-യുഎസ് വ്യാപാര പങ്കാളിത്തം എത്രത്തോളം ആഴത്തിലാണെന്ന് മനസിലാക്കാം എന്നും് യുഎസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.
ചെങ്കടല്‍ പ്രതിസന്ധിയില്‍ ഇന്ത്യന്‍ നാവികസേനയാണ് യുഎസ് സേനക്ക് രക്ഷകരായത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യെമനിലെ ഹൂതികളുടെ ആക്രമണത്തില്‍ നിന്നും ടാങ്കര്‍ കപ്പലിനെ രക്ഷപ്പെടുത്തിയ നാവികസേനയെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. ജനുവരി 26 മുതല്‍ 31 വരെ ഇന്ത്യയില്‍ പ്യാറ്റ് സന്ദര്‍ശനം നടത്തിയിരുന്നു. ചെങ്കടലിലെ ഇസ്രയേലിലെ വ്യാപാര കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ നടത്തിയ ആക്രമണത്തെ കുറിച്ചും അതേ തുടര്‍ന്ന് ആഗോള ഊര്‍ജ വിപണിയെ തടസ്സപ്പെടുത്തുന്നതിനെക്കുറിച്ചും കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിംഗ്് പുരിയോട് ചര്‍ച്ച ചെയ്തിരുന്നു.










Discussion about this post