വിവാഹേതര ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും മദ്യപിക്കുകയും ചെയ്ത യുവതിക്കും യുവാവിനും ഇന്തോനേഷ്യയിലെ ആഷെ പ്രവിശ്യയിൽ ക്രൂരമായ ശിക്ഷാവിധി. ശരീഅത്ത് നിയമപ്രകാരം പരസ്യമായി 140 തവണയാണ് ഇരുവരെയും ചൂരൽ ഉപയോഗിച്ച് അടിച്ചത്. നൂറുകണക്കിന് ആളുകൾ നോക്കിനിൽക്കെ നടന്ന ശിക്ഷാ നടപടിക്കിടെ വേദന സഹിക്കാനാവാതെ യുവതി ബോധരഹിതയായി വീണു. ഇവരെ പിന്നീട് സംഭവസ്ഥലത്തുനിന്ന് ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ ഇന്തോനേഷ്യയിൽ ശരീഅത്ത് നിയമം കർശനമായി നടപ്പിലാക്കുന്ന പ്രവിശ്യയാണ് ആഷെ.
ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിന് 100 അടിയും മദ്യപിച്ചതിന് 40 അടിയുമാണ് ഇരുവർക്കും നൽകിയതെന്ന് ബന്ദ ആഷെയിലെ ശരീഅത്ത് പോലീസ് മേധാവി മുഹമ്മദ് റിസാൽ വ്യക്തമാക്കിയതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.. ദമ്പതികൾ ഉൾപ്പെടെ ആകെ ആറ് പേർക്കാണ് കഴിഞ്ഞ ദിവസം വിവിധ കുറ്റങ്ങൾക്കായി ചൂരൽ അടി ലഭിച്ചത്. ഇതിൽ ഒരു ശരീഅത്ത് പോലീസ് ഉദ്യോഗസ്ഥനും അദ്ദേഹത്തിന്റെ പങ്കാളിയും ഉൾപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്. ഇരുവരും 23 അടി വീതമാണ് ശിക്ഷയായി ഏറ്റുവാങ്ങിയത്. 2001-ൽ പ്രത്യേക സ്വയംഭരണാവകാശം ലഭിച്ചതിന് ശേഷം ആഷെ പ്രവിശ്യയിൽ നടപ്പിലാക്കുന്ന ഏറ്റവും വലിയ ശിക്ഷാവിധികളിലൊന്നാണിതെന്ന് കരുതപ്പെടുന്നു.
അവിവാഹിതരായ സ്ത്രീയും പുരുഷനും തമ്മിലുള്ള ലൈംഗികബന്ധം, മദ്യപാനം, ചൂതാട്ടം, സ്വവർഗ ലൈംഗികത എന്നിവയ്ക്കാണ് ആഷെയിൽ ഇത്തരത്തിൽ കഠിനമായ ശിക്ഷകൾ നൽകി വരുന്നത്. 2025-ൽ സ്വവർഗ ലൈംഗികതയിൽ ഏർപ്പെട്ട രണ്ട് പുരുഷന്മാർക്ക് 76 തവണ വീതം ചാട്ടവാറടി നൽകാൻ ശരീഅത്ത് കോടതി വിധിച്ചിരുന്നു. അന്താരാഷ്ട്ര തലത്തിൽ മനുഷ്യാവകാശ സംഘടനകളിൽ നിന്ന് വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയരുമ്പോഴും, തങ്ങളുടെ മതനിയമങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് പ്രവിശ്യാ ഭരണകൂടം. ഇസ്ലാമിക നിയമങ്ങൾ ലംഘിക്കുന്നവർക്ക് ഇതൊരു താക്കീതാണെന്നാണ് പ്രാദേശിക അധികൃതരുടെ വാദം.
. ബോധരഹിതയായ യുവതിയുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇന്തോനേഷ്യയിലെ ശരീഅത്ത് നിയമങ്ങൾ വീണ്ടും ആഗോളതലത്തിൽ ചർച്ചയാവുകയാണ്












Discussion about this post