ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്, മലയാളിക്ക് ഒരു മാന്ത്രിക ലോകത്തിന്റെ താക്കോൽ ആയിരുന്നു കൈയിൽ കൊടുത്തത്. ശേഷം അവർക്ക് കിട്ടിയതോ ഏറ്റവും മികച്ച സിനിമ അനുഭവങ്ങളിൽ ഒന്ന്. മലയാളത്തിലെ എക്കാലത്തെയും ക്ലാസ്സിക്ക് ചിത്രങ്ങളിൽ ഒന്നായ മണിച്ചിത്രത്താഴിൽ ശോഭന ഗംഗയായും നാഗവല്ലിയായും നിറഞ്ഞാടിയപ്പോൾ അവരോടൊപ്പം മോഹൻലാലിൻറെ സണ്ണിയും സുരേഷ്ഗോപിയുടെ നകുലനും തകർപ്പൻ പ്രകടനം നടത്തി പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം ഉറപ്പിച്ചു.
എം ജി രാധാകൃഷ്‍ണൻ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് പശ്ചാത്തല സംഗീതം ജോൺസണും ഗാനങ്ങൾ ബിച്ചു തിരുമലയുമായിരുന്നു. ചിത്രത്തിലെ ഗാനങ്ങൾ ഒരിക്കലെങ്കിലും മൂളാത്ത മലയാളികൾ ഇല്ലെന്ന് തന്നെ പറയാം. മോഹൻലാൽ കഥാപാത്രമായ സണ്ണി മാടമ്പിള്ളി തറവാട്ടിൽ എത്തുന്നതോടെ അവിടെ അദ്ദേഹം ചില സത്യങ്ങൾ മനസിലാക്കുന്നു. ആദ്യം ഞെട്ടിയെങ്കിലും തന്റെ പ്രിയ കൂട്ടുകാരന്റെ കുടുംബത്തെ രക്ഷിക്കാൻ അദ്ദേഹം കച്ചകെട്ടിയിറങ്ങുന്നതോടെ ചിത്രത്തിന്റെ ട്രാക് മാറുന്നു.
ചിത്രത്തിൽ ഒരുപാട് ബ്രില്ലിയൻസുകൾ പിൽകാലത്ത് സോഷ്യൽ മീഡിയ യുഗത്തിൽ പലരും കണ്ടുപിടിച്ചു. ഒരുപക്ഷെ ഇത് വായിക്കുന്ന പലരും ഏറ്റവുമധികം തവണ കണ്ട സിനിമയും മണിച്ചിത്രത്താഴ് ആയിരിക്കും. പല തവണ കണ്ടിട്ടുള്ളത് ആണെങ്കിലും ഓരോ തവണ കാണുമ്പോഴും പുതിയതായി എന്തെങ്കിലുമൊക്കെ മണിച്ചിത്രത്താഴിൽ നമ്മളെ ആകർഷിക്കാൻ ഉണ്ടാകും.
ചിത്രത്തിൽ മോഹൻലാലിൻറെ സണ്ണിയും, സുധീഷ് അവതരിപ്പിക്കുന്ന ചന്തു അഥവാ സണ്ണിയുടെ ഭാഷയിൽ കിണ്ടി എന്ന കഥാപാത്രവും തമ്മിലുള്ള ഒരു സംഭാഷണം ഉണ്ട്. തന്റെ ചേച്ചി ( ശ്രീദേവിക്ക്) അസുഖം ഒന്നും ഇല്ലെന്നും എല്ലാവരും കൂടി അവളെ ഭ്രാന്തിയാക്കാൻ ശ്രമിക്കുകയാണെന്നും സണ്ണിയോട് പറയുന്ന ഒരു സീനാണ് അത്. അതുവരെ ചന്തുവിനെ കളിയാക്കിയിരുന്ന സണ്ണി, ചന്തുവിന്റെ നിഷ്കളങ്കത കണ്ട് തന്റെ മുന്നോട്ടുള്ള അന്വേഷണ യാത്രയിൽ അയാളെയും ഭാഗമാകുന്നു.
രാത്രി കാലങ്ങളിൽ പുറത്തിറങ്ങി നടക്കരുതെന്നും അടുത്ത് തന്നെ നിങ്ങളുടെ തറവാട്ടിൽ ഒരു കൊലപാതകം നടക്കും എന്നും സണ്ണി പറയുമ്പോൾ ചന്തുവും വളരെ കാര്യമായി, അൽപ്പം ഭയന്ന് അയാളുടെ സംഭാഷണം കേൾക്കുന്നു. ഗംഗയുടെ നാടായ ഏവൂർ എന്ന ഗ്രാമത്തിൽ പോകാൻ കൂട്ടായി സണ്ണി ചന്തുവിനെ ഒപ്പം കൂട്ടുന്നു. യാത്രക്കായി അല്ലിയുടെ സൈക്കിൾ എടുക്കാനാണ് സണ്ണി ചന്തുവിനോട് ആവശ്യപെടുന്നത്, 70 കിലോമീറ്റർ ദൂരം ഉണ്ടെന്നും എങ്ങനെ സൈക്കിളിൽ അത്രയും ദൂരം പോകുമെന്നും ചോദിച്ചപ്പോൾ അത്രയും ദൂരമല്ലേ ഉള്ളു സൈക്കിൾ തന്നെ മതിയെന്നാണ് സണ്ണി പറയുന്നത്. പിന്നീട് ” പലവട്ടം പൂക്കാലം” എന്ന പാട്ടിന്റെ അകമ്പടിയിൽ ഇവരുടെ യാത്രയും നമ്മൾ കാണുന്നു.
എന്തുകൊണ്ടാണ് ഇത്രയും ദൂരവും ഇവർ സൈക്കിൾ യാത്ര നടത്തിയത് എന്ന് ഇത് കാണുന്ന നമുക്ക് തോന്നിയിട്ടുണ്ടാകാം. അത് സണ്ണിയുടെ ഒരു വട്ടായിരുന്നില്ല മറിച്ച് ഫാസിലിന്റെ ഒരു ബ്രില്ലിൻസ് ആയിരുന്നു. താൻ( നാഗവല്ലി) കാമുകനായി ഗംഗ കാണുന്നത് പി മഹാദേവൻ എന്ന കോളേജ് അധ്യാപകനെയാണ്. തഞ്ചാവൂരിൽ നിന്ന് വന്ന പഴയ നൃത്താധ്യാപകൻ താമസിച്ച ആ വീട്ടിൽ അദ്ദേഹമാണ് താമസിക്കുന്നത്. ആ മഹാദേവനോ അല്ലിക്ക് വിവാഹം പറഞ്ഞുവെച്ചിരിക്കുന്ന ആളും. ചുരുക്കി പറഞ്ഞാൽ അല്ലിയെ ഇല്ലാതാക്കേണ്ടത് നാഗവല്ലിക്ക് ആവശ്യമാണ്. അതിന് അവൾ നടത്തുന്ന ശ്രമങ്ങൾ നമ്മൾ ചിത്രത്തിൽ കാണുന്നതുമാണ്. അല്ലി പലപ്പോഴും ഗംഗയുടെ അടുത്ത് വരുമ്പോൾ ഈ സൈക്കിൾ ഉപയോഗിക്കുന്നത് നമ്മൾ കാണുന്നതാണ്. അതിനാൽ തന്നെ താൻ ഇവിടെ ഇല്ലാത്ത സമയം അല്ലി ഗംഗയുടെ വീട്ടിലേക്ക് വരുന്നത് ഒഴിവാക്കാനാണ് അവളുടെ സൈക്കിളിൽ തന്നെ ഈ യാത്ര അവർ നടത്തുന്നത്.













Discussion about this post