നേമം മണ്ഡലത്തിൽ വന്ന് മത്സരിക്കാനുള്ള മന്ത്രി വി. ശിവൻകുട്ടിയുടെ വെല്ലുവിളി തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. താൻ നേമത്ത് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ സതീശൻ, മന്ത്രിക്കെതിരെ രൂക്ഷമായ പരിഹാസമാണ് തൊടുത്തുവിട്ടത്. ശിവൻകുട്ടി തന്നേക്കാൾ വളരെയധികം സംസ്‌കാരവും നിലവാരവും ഉള്ള ആളാണെന്നും അങ്ങനെയുള്ള ഒരാളോട് തർക്കിക്കാനോ മത്സരത്തിനൊപ്പമോ താനില്ലെന്നും അദ്ദേഹം പറഞ്ഞു. എകെജി സെന്ററിൽ നിന്നും മന്ത്രിയുടെ ഓഫീസിൽ നിന്നും ദിവസവും തനിക്കെതിരെ 20-ഓളം സൈബർ കാർഡുകൾ ഇറങ്ങുന്നുണ്ടെന്നും ഇത് നെഗറ്റീവ് പബ്ലിസിറ്റിയാണെങ്കിലും തന്നെ ഇങ്ങനെയൊന്നും സഹായിക്കരുതെന്നും സതീശൻ പരിഹസിച്ചു.
മന്ത്രിയുടെ വെല്ലുവിളി തന്നെ ‘തോട്ടിയിട്ട് പിടിക്കാനുള്ള’ ശ്രമമാണെന്ന് സതീശൻ വിശേഷിപ്പിച്ചു. സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന ശക്തമായ രാഷ്ട്രീയ നരേറ്റീവുകൾ ഇപ്പോൾ കേരളത്തിലുണ്ട്. ആ രാഷ്ട്രീയ ചർച്ചകളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത്തരം വെല്ലുവിളികളുമായി മന്ത്രി വരുന്നത്. ഈ കെണിയിൽ താൻ വീഴില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ സഭയിൽ സ്വർണക്കവർച്ചാ കേസുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിയെ അധിക്ഷേപിച്ചുവെന്നാരോപിച്ച് സതീശൻ ശിവൻകുട്ടിക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സതീശന് നേമത്ത് മത്സരിക്കാൻ ധൈര്യമുണ്ടോ എന്ന് ശിവൻകുട്ടി വെല്ലുവിളിച്ചത്. അതേസമയം, സതീശൻ നേമത്ത് മത്സരിക്കില്ലെന്ന് പറയുന്നത് ബിജെപിയുമായി ഉണ്ടാക്കിയ രഹസ്യ ധാരണയുടെ ഭാഗമാണെന്ന് വി. ശിവൻകുട്ടി ആരോപിച്ചു.
കേരളാ ബജറ്റിലെ പ്രഖ്യാപനങ്ങളെച്ചൊല്ലിയും ഇരുവരും തമ്മിൽ വാക്പോര് മുറുകിയിരിക്കുകയാണ്. ഖജനാവിൽ പൂച്ച പെറ്റുകിടക്കുകയാണെന്ന സതീശന്റെ പരിഹാസത്തിന്, സതീശൻ പൂച്ചയെപ്പോലും പ്രസവിക്കാൻ അനുവദിക്കാത്ത ആളാണെന്നായിരുന്നു മന്ത്രിയുടെ മറുപടി.













Discussion about this post