ചെങ്കോട്ട സ്ഫോടനക്കേസിൽ രാജ്യത്തെ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. ഡൽഹിയിലെ ചെങ്കോട്ടയിൽ സ്ഫോടനം നടത്തുന്നതിനൊപ്പം രാജ്യത്തെ പ്രമുഖ വിദേശ കോഫി ഷോപ്പുകളെ ലക്ഷ്യമിട്ടും വലിയ തോതിലുള്ള ഭീകരാക്രമണങ്ങൾക്ക് ഡോക്ടർ സംഘം പദ്ധതിയിട്ടിരുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഭാരതത്തിന്റെ സാമ്പത്തിക അടിത്തറ തകർക്കാനും വിദേശ നിക്ഷേപകരിൽ ഭീതി പടർത്താനുമുള്ള രാജ്യാന്തര ഗൂഢാലോചനയുടെ ഭാഗമായാണ് ഈ നീക്കങ്ങളെ സുരക്ഷാ ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്.
തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടരായ ഉത്തരേന്ത്യയിൽ നിന്നുള്ള ഒരു സംഘം ഡോക്ടർമാരാണ് ഈ ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അന്താരാഷ്ട്ര കോഫി ചെയിൻ ഔട്ട്‌ലെറ്റുകളിൽ സ്ഫോടനങ്ങൾ നടത്തി വിദേശ വിനോദസഞ്ചാരികളെയും പ്രമുഖരെയും വധിക്കാനായിരുന്നു ഇവരുടെ നീക്കം. സാധാരണക്കാരെയും യുവാക്കളെയും ആകർഷിക്കുന്ന ഇത്തരം പൊതുസ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നതിലൂടെ പരമാവധി ആഘാതം സൃഷ്ടിക്കാനാണ് ഭീകരർ ലക്ഷ്യമിട്ടത്. പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെയും അതിർത്തി കടന്നുള്ള ഭീകര ഹാൻഡ്‌ലർമാരുടെയും നിർദ്ദേശപ്രകാരമാണ് ഈ സംഘം പ്രവർത്തിച്ചിരുന്നതെന്നാണ് വിവരം.
അതേസമയം,ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ഇതുവരെ 5 പേരെയാണ് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തത്. ഇതിൽ പ്രധാനി ഉത്തർപ്രദേശിൽ നിന്നുള്ള ഒരു ഡോക്ടറാണ്. ഇവർക്ക് പുറമെ കശ്മീരിലും ഉത്തരാഖണ്ഡിലും തിരച്ചിൽ തുടരുകയാണ്. ഭീകരപ്രവർത്തനത്തിനുള്ള പണം കൈമാറിയിരുന്നത് ക്രിപ്റ്റോ കറൻസി വഴിയാണെന്ന് എൻഐഎ (NIA) കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഉറവിടം പാകിസ്താനിലാണെന്നാണ് സൂചന. ആശയവിനിമയത്തിനായി ഇവർ സാധാരണ മെസേജിംഗ് ആപ്പുകൾക്ക് പകരം അതീവ സുരക്ഷിതമായ ഡാർക്ക് വെബ് പ്ലാറ്റ്‌ഫോമുകളാണ് ഉപയോഗിച്ചിരുന്നത്. അറസ്റ്റിലായ ഡോക്ടർമാർക്ക് വിദേശത്തുള്ള ഭീകര ഹാൻഡ്‌ലർമാരിൽ നിന്ന് ഓൺലൈൻ വഴിയാണ് ബോംബ് നിർമ്മാണത്തിൽ പരിശീലനം ലഭിച്ചത്
എൻജിനീയർമാരും ഡോക്ടർമാരും ഉൾപ്പെടുന്ന സ്ലീപ്പർ സെല്ലുകൾ സജീവമാണെന്ന സൂചനകൾ മുൻപും ലഭിച്ചിരുന്നെങ്കിലും, ചെങ്കോട്ട പോലുള്ള ചരിത്ര സ്മാരകങ്ങളെയും വിദേശ സ്ഥാപനങ്ങളെയും ഒരേസമയം ലക്ഷ്യമിട്ടുള്ള ഈ പദ്ധതി അതീവ പ്രധാന്യമർഹിക്കുന്നു. അറസ്റ്റിലായ പ്രതികളിൽ നിന്ന് ലഭിച്ച ഡിജിറ്റൽ തെളിവുകളും മാപ്പുകളും രാജ്യത്തെ പ്രധാന നഗരങ്ങളിലെ വാണിജ്യ കേന്ദ്രങ്ങളെ ഭീകരർ നിരീക്ഷിച്ചിരുന്നതായി തെളിയിക്കുന്നു.












Discussion about this post