ആഗോള സാമ്പത്തിക ക്രമത്തിൽ അമേരിക്കൻ ഡോളറിന്റെ ഏകാധിപത്യത്തിന് അന്ത്യം കുറിക്കാൻ ലക്ഷ്യമിട്ടുള്ള നിർണ്ണായക നീക്കവുമായി ബ്രിക്സ് രാജ്യങ്ങൾ. ഡോളറിനെ ആശ്രയിക്കാതെ തന്നെ അംഗരാജ്യങ്ങൾക്കിടയിൽ വ്യാപാരം സുഗമമാക്കുന്നതിന് ഓരോ രാജ്യത്തിന്റെയും സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികളെ പരസ്പരം ബന്ധിപ്പിക്കുന്ന ‘ബ്രിക്സ് പേയ്‌മെന്റ് സിസ്റ്റം’ ഉടൻ യാഥാർത്ഥ്യമാകും. 2026-ൽ ഭാരതത്തിന്റെ ആതിഥേയത്വത്തിൽ നടക്കാനിരിക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ ഇതിനായുള്ള അന്തിമ രൂപരേഖ തയ്യാറാക്കുമെന്നാണ് റിപ്പോർട്ടുകൾ. നരേന്ദ്ര മോദി സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ വിപ്ലവത്തിന്റെ ചുവടുപിടിച്ചാണ് ഈ പുതിയ രാജ്യാന്തര പണമിടപാട് സംവിധാനത്തിന് ഭാരതം നേതൃത്വം നൽകുന്നത്.
ഡോളറിന്റെ ആധിപത്യം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ 100 ശതമാനം താരിഫ് ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു. എന്നാൽ, ഒരു പൊതു കറൻസി എന്ന ആശയത്തിന് പകരം നിലവിലുള്ള ഡിജിറ്റൽ കറൻസികളെ (ഇന്ത്യയുടെ ഇ-രൂപ, ചൈനയുടെ ഡിജിറ്റൽ യുവാൻ, റഷ്യയുടെ ഡിജിറ്റൽ റൂബിൾ) ഒരു പൊതു പ്ലാറ്റ്‌ഫോം വഴി ബന്ധിപ്പിക്കാനാണ് ബ്രിക്സ് രാജ്യങ്ങളുടെ തീരുമാനം. ഇത് ഡോളർ അധിഷ്ഠിതമായ ‘സ്വിഫ്റ്റ്’ (SWIFT) സംവിധാനത്തിന് പകരമായി ഒരു ആഗോള ‘ബാക്കപ്പ്’ ആയി പ്രവർത്തിക്കും. ഉപരോധങ്ങൾ വഴി വിദേശ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ ശ്വാസം മുട്ടിക്കുന്ന അമേരിക്കൻ തന്ത്രത്തിന് ഇതൊരു കനത്ത പ്രഹരമാകും.
ഭാരതത്തെ സംബന്ധിച്ചിടത്തോളം ഈ നീക്കം തന്ത്രപ്രധാനമാണ്. യുപിഐ (UPI) എന്ന ലോകത്തിലെ ഏറ്റവും മികച്ച ഡിജിറ്റൽ പെയ്മെന്റ് സംവിധാനം വികസിപ്പിച്ചെടുത്ത ഭാരതത്തിന്റെ അനുഭവസമ്പത്താണ് ഈ ബ്രിക്സ് പേയ്‌മെന്റ് ലെയറിന് ആധാരമാകുന്നത്. ഡിജിറ്റൽ രൂപ ഒരു ക്രിപ്‌റ്റോ ആസ്തിയല്ലെന്നും മറിച്ച് രാജ്യത്തിന്റെ പരമാധികാര കറൻസിയുടെ ഡിജിറ്റൽ പതിപ്പാണെന്നും റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഈ സംവിധാനം നിലവിൽ വരുന്നതോടെ വിദേശ നാണയ വിനിമയ നിരക്കിലെ വ്യതിയാനങ്ങളും ഇടപാട് ചെലവുകളും വലിയ തോതിൽ കുറയുകയും ഭാരതത്തിന്റെ സാമ്പത്തിക പരമാധികാരം കൂടുതൽ ശക്തിപ്പെടുകയും ചെയ്യും.
അമേരിക്കൻ സമ്പദ്‌വ്യവസ്ഥ നേരിടുന്ന 39 ട്രില്യൺ ഡോളറിന്റെ ഭീമമായ കടവും ഡോളറിന്റെ മൂല്യം ഇടിയുമോ എന്ന ആശങ്കയും ഈ പുതിയ നീക്കത്തിന് വേഗം കൂട്ടുന്നു. ലോകത്തെ വലിയ സാമ്പത്തിക ശക്തികളായ ചൈനയും റഷ്യയും ഭാരതവും ഒന്നിച്ചുനിൽക്കുന്നത് ഡോളറിന് പകരമായി ഒരു മൾട്ടി-പോളാർ കറൻസി ക്രമം രൂപപ്പെടാൻ കാരണമാകും. ലോകത്തിന്റെ സാമ്പത്തിക കേന്ദ്രം പടിഞ്ഞാറ് നിന്ന് കിഴക്കോട്ടേക്ക് മാറുന്നതിന്റെ വ്യക്തമായ സൂചനയാണിത്. 2047-ഓടെ വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് കുതിക്കുന്ന ഇന്ത്യ, ആഗോള സാമ്പത്തിക നയങ്ങൾ നിശ്ചയിക്കുന്ന പ്രധാന ശക്തികളിലൊന്നായി മാറുകയാണ്.












Discussion about this post