തൃശ്ശൂർ : ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞിട്ടില്ലെങ്കിലും തൃശ്ശൂർ ഇപ്പോൾ തന്നെ ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ബിജെപിയുടെ ബൂത്ത് തലയോഗങ്ങൾക്ക് തൃശ്ശൂരിൽ ഇന്ന് തുടക്കമാകും. ബിജെപിയുടെ തൃശ്ശൂർ സ്ഥാനാർത്ഥിയാകുന്ന സുരേഷ് ഗോപി ഇന്ന് മണ്ഡലത്തിലെ നാല് പ്രദേശങ്ങളിൽ സന്ദർശനം നടത്തും.
നേതാക്കളും അണികളും എന്ന വേർതിരിവ് മാറ്റാൻ വേണ്ടിയാണ് ഓരോ പ്രദേശങ്ങളിലെയും ജനങ്ങൾക്കൊപ്പം സജീവമാകുന്നത് എന്ന് സുരേഷ് ഗോപി വ്യക്തമാക്കി. തൃശ്ശൂർ മാത്രമല്ല ഈ തവണ കേരളത്തിലെ പല മണ്ഡലങ്ങളും ബിജെപിക്കൊപ്പം തന്നെ നിൽക്കും. പ്രധാനമന്ത്രിയുടെ തൃശ്ശൂർ സന്ദർശനം ഒരു രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിലുള്ള കർമ്മം ആണെന്നും സുരേഷ് ഗോപി വ്യക്തമാക്കി. തൃശ്ശൂരിലെ വിവിധ പ്രദേശങ്ങളിൽ സന്ദർശനം നടത്തുന്ന സുരേഷ് ഗോപിക്ക് ഊഷ്മളമായ വരവേൽപ്പാണ് ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് തന്നെ സംഘടനയുടെ അടിത്തട്ട് ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബൂത്ത് തലയോഗങ്ങൾ നടത്തുന്നത് എന്ന് ബിജെപി വ്യക്തമാക്കി. നാട്ടിക, പുതുക്കാട്, ഒല്ലൂർ, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലാണ് ഇന്ന് സുരേഷ് ഗോപി സന്ദർശനം നടത്തുന്നത്. കഴിഞ്ഞ വർഷങ്ങളിൽ എല്ലാം ശക്തമായ പ്രവർത്തനങ്ങൾ തന്നെയാണ് തൃശ്ശൂരിൽ ബിജെപി നടത്തുന്നത് എന്നും സുരേഷ് ഗോപി വ്യക്തമാക്കി.
Discussion about this post