ന്യൂഡൽഹി : നൂതന സാങ്കേതിക വിദ്യകൾ വഴി തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് വ്യാപകമാവുകയാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. വ്യാജവും സ്ഥിരീകരിക്കാത്തതുമായ വാർത്തകൾ മാദ്ധ്യമങ്ങൾ ഒഴിവാക്കേണ്ടത് അത്യാവശ്യം ആണെന്നും അനുരാഗ് താക്കൂർ വ്യക്തമാക്കി. ഡിജിറ്റൽ പരസ്യങ്ങൾ സംബന്ധിച്ച് കേന്ദ്രസർക്കാർ ഉടൻ തന്നെ പുതിയ നയം കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു.
ഡൽഹിയിൽ ഡിഎൻപിഎ സംഘടിപ്പിച്ച കോൺക്ലേവിൽ സംസാരിക്കുമ്പോഴായിരുന്നു കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ സാങ്കേതിക ലോകവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ വ്യക്തമാക്കിയത്. “രാജ്യാന്തര തലത്തിൽ തന്നെ ശ്രദ്ധേയമായ നിരവധി പ്രവർത്തനങ്ങൾ ഇന്ന് ഭാരതത്തിൽ നടക്കുന്നുണ്ട്. രാജ്യത്തെ പല പ്രവർത്തനങ്ങളും അന്താരാഷ്ട്ര തലത്തിൽ എത്തിക്കുന്നതിൽ മാദ്ധ്യമങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ട്. എന്നാൽ വിശ്വാസ്യതയെ ദുർബലപ്പെടുത്തുന്ന കാര്യങ്ങൾ എന്ത് വിലകൊടുത്തും ഒഴിവാക്കേണ്ടതാണ്. മാധ്യമങ്ങളുടെ പേരിൽ ചിലർ തെറ്റായ പല കാര്യങ്ങളും പ്രചരിപ്പിക്കുകയും ഉണ്ടെന്നും ഇത് രാജ്യത്തിന്റെ താല്പര്യത്തെ ബാധിക്കുന്നുണ്ട്” എന്നും അനുരാഗ് താക്കൂർ വ്യക്തമാക്കി.
” ഓരോ പുതിയ സാങ്കേതികവിദ്യകൾ വരുന്ന കാലത്തും ചിലർ തങ്ങളുടെ ഭാവിയെക്കുറിച്ച് ആശങ്കാകുലരാകാറുണ്ട്. എന്നാൽ സാങ്കേതികവിദ്യകൾ ജോലി മെച്ചപ്പെടുത്തുന്നു എന്നാണ് ഇതുവരെയുള്ള അനുഭവങ്ങൾ വ്യക്തമാക്കുന്നത്. അതുപോലെതന്നെ ആയിരിക്കും ഡിജിറ്റൽ മീഡിയയുടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും കാര്യവും. ഡിജിറ്റൽ പരസ്യങ്ങളുടെ വരുമാനത്തിന്റെ കൂടുതൽ ഭാഗവും ചില വൻകിട കമ്പനികളാണ് കൈക്കൊള്ളുന്നത്. ഇതിൽ മാറ്റം വരുത്താനായി കേന്ദ്രസർക്കാർ പുതിയ നയം രൂപീകരിക്കുകയാണ്. അത് ഉടൻ തന്നെ പുറത്തു വരും” എന്നും അനുരാഗ് താക്കൂർ വ്യക്തമാക്കി.
Discussion about this post