ന്യൂഡല്‍ഹി:രാജ്യസഭയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റില്‍ ഇനി അവസരം കിട്ടില്ലെന്ന രീതിയിലാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ സംസാരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്നത്തെ അദ്ദേഹത്തിന്റെ പ്രസംഗം ഏറെ നേരമ്പോക്ക് ആയിരുന്നു . വളരെ നേരം സംസാരിച്ചു. അദ്ദേഹത്തിന് എങ്ങനെയാണ് ഇത്രയും നേരം സംസാരിക്കാന്‍ അവസരം ലഭിച്ചുവെന്ന് ഞാന്‍ ചിന്തിക്കുകയായിരുന്നു.സ്‌പെഷ്യല്‍ രണ്ട് കമാൻഡർമാർ പാര്‍ലമെന്റില്‍ എത്താത്തതിനാലാണ് ഖാര്‍ഗെയ്ക്ക് ഇത്ര സ്വാതന്ത്ര്യം കിട്ടിയത്. അവര്‍ ഇല്ലാത്ത സാഹചര്യം അദ്ദേഹം മുതലെടുത്തു എന്നു പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ബിജെപിക്ക് 370 സീറ്റുകള്‍ ഉറപ്പായും കിട്ടുമെന്നും എന്‍ഡിഎ 400 സീറ്റ് കടക്കും എന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. 400 സീറ്റ് നിങ്ങള്‍ക്ക് തന്നെ കിട്ടുമെന്ന് ഖര്‍ഗെ ബിജെപി സര്‍ക്കാരിനെ അനുഗ്രഹിച്ചിരുന്നു. ആ അനുഗ്രഹത്തിന് നന്ദിയുണ്ട് എന്നും പ്രധാനമന്ത്രി പറഞ്ഞു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 40 കടക്കാന്‍ കഴിയില്ലെന്ന വെല്ലുവിളി പശ്ചിമ ബംഗാളില്‍ നിന്ന് ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍, നിങ്ങള്‍ക്ക് 40 എണ്ണം ഉറപ്പാക്കാന്‍ കഴിയട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് വിഘടനവാദവും ഭീകര വാദവും പ്രോത്സാഹിപ്പിക്കുന്നവരാണ്. നെഹ്റുവിന്റെ കാലം മുതലേ അടിസ്ഥാന ജനവിഭാഗങ്ങളുടെ വിരോധികളാണ് കോണ്‍ഗ്രസ് എന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു. കോണ്‍ഗ്രസ് എല്ലായ്പ്പോഴും ദളിതര്‍ക്കും പിന്നാക്കക്കാര്‍ക്കും ഗോത്രവര്‍ഗക്കാര്‍ക്കും എതിരാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി.
Discussion about this post