ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും വിവിധ ഭാഷാ തൊഴിലാളികൾക്ക് നേരെ ഭീകരാക്രമണം. ഭീകരർ നടത്തിയ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു സംഭവം.
അമൃത്‌സർ സ്വദേശി അമൃത്പാൽ സിംഗ് ആണ് കൊല്ലപ്പെട്ടത്. ശ്രീനഗറിൽ രാത്രിയോടെയായിരുന്നു ആക്രമണം ഉണ്ടായത്. സംഭവ സമയം ഇരുവരും താമസസ്ഥലത്തിന് പുറത്ത് സംസാരിച്ച് നിൽക്കുകയായിരുന്നുവെന്നാണ് സൂചന. ഇതിനിടെ അവിടേയ്ക്ക് ഭീകരർ എത്തി ആക്രമണം നടത്തുകയായിരുന്നു. ഇരുവർക്ക് നേരെയും ഭീകരർ വെടിയുതിർത്തു. ഇരുവരും പരിക്കേറ്റ് നിലത്ത് വീണതോടെ ഭീകരർ രക്ഷപ്പെടുകയായിരുന്നു.
വെടിയൊച്ച കേട്ട് എത്തിയ പ്രദേശവാസികൾ ഇവർ ഉടനെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അമൃത്പാൽ സിംഗ് ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. അമൃത്‌സർ സ്വദശി രോഹിതാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. ഇയാളുടെ നില ഗുരുതരമാണ്. നെഞ്ചിലുൾപ്പെടെയാണ് ഇരുവർക്കും വെടിയേറ്റത്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശം പോലീസ് നിയന്ത്രണത്തിലാണ്. അമൃത് പാലിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം അമൃത്‌സറിലേക്ക് കൊണ്ടു പോകും.
Discussion about this post