ന്യൂഡല്‍ഹി:രാജ്യത്ത് ആറ് മള്‍ട്ടി ട്രാക്കിങ് റെയില്‍വേ പദ്ധതികള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. റെയില്‍വേയുടെ 12,343 കോടി രൂപ വരുന്ന ആറ് പാത ഇരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്കാണ് അംഗീകാരം കിട്ടിയിരിക്കുന്നത്. ആറ് സംസ്ഥാനങ്ങളിലെ 18 ജില്ലകളിലൂടെയുള്ള ഈ പദ്ധതികള്‍ റെയില്‍വേ ശൃംഖലയില്‍ 1020 കിലോമീറ്റര്‍ പാത കൂട്ടിച്ചേര്‍ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സാമ്പത്തികകാര്യ കാബിനറ്റ് കമ്മിറ്റിയാണ് ആറ് പാത ഇരട്ടിപ്പിക്കലിന് അംഗീകാരം നല്‍കിയത്.
രാജസ്ഥാന്‍, അസം, തെലങ്കാന, ഗുജറാത്ത്, ആന്ധ്രപ്രദേശ്, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലായാണ് മള്‍ട്ടി ട്രാക്കിങ് പദ്ധതി റെയില്‍വേ ആവിഷ്‌കരിച്ചിരിക്കുന്നത്. പിഎം ഗതി ശക്തി ദേശീയ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായാണ് പദ്ധതികള്‍ നടപ്പിലാക്കുക. യാത്രക്കാരുടെയും ചരക്കുകളുടെയും യാത്രയ്ക്ക് തടസ്സമില്ലാത്ത കണക്ടിവിറ്റി ഉറപ്പാക്കുകയാണ് റെയില്‍ മന്ത്രാലയം ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ വിവിധ ചരക്കുകളുടെ കൈമാറ്റം സുഗമമാക്കുന്നതിനും ഈ പദ്ധതി സഹായിക്കും.2029-30 കാലയളവില്‍ പൂര്‍ത്തീകരിക്കുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്.
ഈ പദ്ധതിയിലൂടെ നിരവധി യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. അജ്മീര്‍-ചന്ദേരിയ, ജയ്പൂര്‍-സവായ് മധോപൂര്‍ (രാജസ്ഥാന്‍), ലുനി-സാംദാരി-ഭില്‍ദി (ഗുജറാത്ത്, രാജസ്ഥാന്‍), അഗ്‌തോരി-കാമാഖ്യ (അസം), ലുംഡിങ്-ഫര്‍ക്കേറ്റിങ് (അസം, നാഗാലാന്‍ഡ്), മോട്ടുമാരി-വിഷ്ണുപുരം (തെലങ്കാന, ആന്ധ്രപ്രദേശ്) എന്നിവിടങ്ങളിലാണ് പുതിയ പദ്ധതികള്‍ വരുന്നത്. ഭക്ഷ്യധാന്യങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, രാസവളങ്ങള്‍, കല്‍ക്കരി, സിമന്റ്, ഇരുമ്പ്, ഉരുക്ക്, തുടങ്ങിയ ചരക്കുകളുടെ ഗതാഗതത്തിന് അവശ്യമായ റൂട്ടുകളാണിത്.









Discussion about this post