ന്യൂഡൽഹി: കാർഷിക ശാസ്ത്രജ്ഞൻ എംഎസ് സ്വാമിനാഥന് രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരത രത്‌ന. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഭാരത രത്‌ന പ്രഖ്യാപിച്ചത്. മരണാനന്തര ബഹുമതി ആയാണ് എംഎസ് സ്വാമിനാഥന് രാജ്യം ഭാരത രത്‌ന നൽകി ആദരിക്കുന്നത്. എംജിആറിന് ശേഷം ഭാരത രത്‌ന ലഭിക്കുന്ന മലയാളിയാണ് അദ്ദേഹം. എന്നാൽ, എംജിആറിന്റെ ജനനവും നാടും സംബന്ധിച്ച് ഇപ്പോഴും ചർച്ചകൾ നിലനിൽക്കുന്നത് കൊണ്ടു തന്നെ രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതി നേടുന്ന ആദ്യ മലയാളി എന്ന ഖ്യാതി സ്വാമിനാഥന് തന്നെ സ്വന്തം. അദ്ദേഹത്തെ കൂടാതെ മുൻ പ്രധാനമന്ത്രിമാരായ പിവി നരസിംഹ റാവു, ചരൺ സിംഗ് ചൗദരി എന്നിവർക്കും ഇന്ന് ഭാരത രത്‌ന പ്രഖ്യാപിച്ചു.
കാർഷിക രംഗത്ത് വിപ്ലവങ്ങൾ സൃഷ്ടിച്ചിട്ടുള്ള എംഎസ് സ്വാമിനാഥൻ ഹരിത വിപ്ലവത്തിന്റെ പിതാവായാണ് അറിയപ്പെടുന്നത്. 1925 ആഗസ്റ്റ് 7ന് തമിഴ്‌നാട്ടിലെ കുംഭകോണത്താണ് ജനനം. കുംഭകോണത്തെ ഹൈസ്‌കൂൾ വിദ്യഭ്യാസത്തിന് ശേഷം തിരുവനന്തപുരത്ത് ജന്തുശാസ്ത്രത്തിൽ ബിരുദം. പിന്നീട് കോയമ്പത്തൂർ കാർഷിക കോളേജിൽ നിന്നും ബിരുദം നേടി. ഐപിഎസിന് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും കാർഷിക ഗവേഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. തുടർന്ന് ഇതിനായി യുനസ്‌കോ ഫെല്ലോഷിപ്പിനുള്ള ക്ഷണം സ്വീകരിച്ചു. തിരിച്ചുവന്ന അദ്ദേഹം കാർഷിക രംഗത്തെ അതികായനായി മാറുകയായിരുന്നു.
പട്ടിണി രാജ്യമായിരുന്ന ഇന്ത്യയെ കർഷിക രംഗത്ത് മികവുറ്റതാക്കി മാറ്റി. ഇന്ത്യയുടെ പരിസ്ഥതിക്ക് ഇണങ്ങുന്നതും അത്യുത്പാദന ശേഷിയുള്ളതുമായ വിത്തുകൾ വികസിപ്പിച്ചെടുത്ത് കർഷകർക്കിടയിൽ പ്രചരിപ്പിച്ചതോടെ അദ്ദേഹം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. മെക്‌സിക്കൻ ഗോതമ്പ് ഇനങ്ങൾ ഇന്ത്യയുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമാക്കി മാറ്റി പഞ്ചാബിലെ പാടശേഖരങ്ങളിൽ നൂറ് മേനി വിളയിച്ചു. 2023 സെപ്റ്റംബർ 28നാണ് അദ്ദേഹം അന്തരിച്ചത്.
കൃഷിയിലും കർഷക ക്ഷേമത്തിലും രാഷ്ട്രത്തിന് നൽകിയ മഹത്തായ സംഭാവനകളെ മാനിച്ച് എംഎസ് സ്വാമിനാഥന് ഭാരത രത്‌ന നൽകി ആദരിക്കുന്നതിൽ അതിയായ സന്തോഷമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചത്. വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ ഇന്ത്യയെ കാർഷിക മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കാൻ സഹായിക്കുന്നതിൽ അദ്ദേഹം നിർണായക പങ്കാണ് വഹിച്ചത്. കൃഷിയെ ആധുനികവൽക്കരിക്കുന്നതിൽ അദ്ദേഹം വലിയ ശ്രമങ്ങൾ നടത്തി. അദ്ദേഹത്തിന്റെ അമൂല്യമായ പ്രവർത്തനങ്ങളെ ഞങ്ങൾ മാനിക്കുന്നു. അദ്ദേഹത്തിന്റെ ദീർഘവീക്ഷണമുള്ള നേതൃത്വം ഇന്ത്യൻ കാർഷിക മേഖലയെ മാറ്റിമറിക്കുക മാത്രമല്ല, രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷയും സമൃദ്ധിയും ഉറപ്പാക്കുകയും ചെയ്തു. എനിക്ക് ഏറ്റവും അടുത്ത് അറിയാവുന്ന ഒരാളായിരുന്നു എംഎസ് സ്വാമിനാഥൻ എന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
Discussion about this post