ന്യൂഡൽഹി: ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത പ്രത്യേക കാൻസർ ചികിത്സാ രീതിയിലൂടെ രോഗമുക്തി നേടി 64കാരൻ. ഡോ. വികെ ഗുപ്തയാണ് പുതിയ ചികിത്സാ രീതി കൊണ്ട് രോഗമുക്തനായത്. ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്ററായ സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ അംഗീകരിച്ച CAR-T സെൽ തെറാപ്പിയാണ് ഫലം കണ്ടത്. NexCar19 എന്ന പേരിലാണ് തദ്ദേശീയമായി ഈ ചികിത്സാരീതി വികസിപ്പച്ചെടുത്തിരിക്കുന്നത്.
ഇന്ത്യ വികസിപ്പിച്ചെടുത്ത ഈ ചികിത്സാരീതി ലുക്കീമിയ, ലിംഫോമ എന്നീ കാൻസർ രോഗികളിൽ ഫലം കാണ്ടതായി റിപ്പോർട്ടുകൾ പറയുന്നു. കാൻസർ രോഗികളുടെ രക്തത്തിൽ നിന്നും ഇമ്മ്യൂൺ സെല്ലുകളായ ടി സെല്ലുകളെ വേർതിരിച്ചെടുത്ത് ലബോറട്ടറിയിൽ പരിഷ്‌കരിച്ചെടുക്കുന്നതാണ് CAR-T സെൽ തെറാപ്പി എന്ന ചികിത്സാരീതി. ഈ സെല്ലുകളെ പിന്നീട് കാൻസർ സെല്ലുകളോട് പൊരുതാൻ പ്രാപ്തരാക്കുന്നു. കഴിഞ്ഞ വർഷം ഒക്‌ടോബറിലായിരുന്നു ഈ ചികിത്സാ രീതിക്ക് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ അംഗീകാരം നൽകിയത്. പിന്നീട് ഡോ. വികെ ഗുപ്തയിൽ ഇത് പരീക്ഷിക്കുകയായിരുന്നു. ചികിത്സക്ക് ശേഷം ഗുപ്ത പൂർണ ആരോഗ്യവാനാണെന്നാണ് റിപ്പോർട്ട്.
ടാറ്റ മെമോറിയൽ സെന്റർ, ഐഐടി ബോംബെ എന്നീ ലബോറട്ടറികളിലാണ് CAR-T സെൽ തെറാപ്പി വികസിപ്പിച്ചത്. മറ്റ് ചികിത്സാ രീതികളെ അപേക്ഷിച്ച് ഈ രീതിക്ക് പാർശ്വഫലങ്ങൾ കുറവാണെന്ന് മൃഗങ്ങളിൽ നടത്തിയ ലബോറട്ടറി പരിശോധനകളിൽ വ്യക്തമായിട്ടുണ്ട്. കീമോ തെറാപ്പികളിലേത് പോലെ പല സെഷനുകൾ ഇതിന് വേണ്ടി വരുന്നില്ലെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ഈ തെറാപ്പിക്ക് വേണ്ടി 42 ലക്ഷത്തോളം രൂപ ഗുപ്ത ചിലവാക്കിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇന്ത്യക്ക് പുറത്ത് നാല് കോടിയോളം ആണ് ഇതിന്റെ ചിലവെന്നും റിപ്പോർട്ടുകൾ പറയുന്നു.
Discussion about this post