തൃശ്ശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ബിജെപിയുടെ ജില്ലയിലെ പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ച് സുരേഷ് ഗോപി. കണിമംഗലം വലിയാലുക്കലിൽ പ്രവർത്തകർക്കൊപ്പം അദ്ദേഹം ചുവരെഴുത്തിൽ പങ്കാളിയായി. രാത്രി എത്തിയ അദ്ദേഹത്തെ മുദ്രാവാക്യം വിളികളുമായിട്ടാണ് ബിജെപി പ്രവർത്തകർ സ്വാഗതം ചെയ്തത്.
തൃശ്ശൂരിലെ ലോക്‌സഭാ സ്ഥാനാർത്ഥി സുരേഷ് ഗോപി തന്നെ ആയിരിക്കുമെന്നാണ് സൂചന. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. അതിനാൽ ചിഹ്നമായ താമര മാത്രമാണ് വരയ്ക്കുന്നത്. വലിയാലുക്കലിൽ എത്തിയ സുരേഷ് ഗോപി പ്രവർത്തകരിൽ നിന്നും ബ്രഷ് വാങ്ങി ചുമരിൽ താമര വരച്ചു.
തൃശ്ശൂർ മണ്ഡലത്തിലെ 15 കേന്ദ്രങ്ങളിലാണ് ബിജെപി പ്രവർത്തകർ ചുവരെഴുത്ത് നടത്തിയത്. ഈ കേന്ദ്രങ്ങളിലെല്ലാം സുരേഷ് ഗോപിയെത്തി പ്രചാരണ പരിപാടികളുടെ ഭാഗമായി. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച ശേഷം പേര് എഴുതും. മണ്ഡലത്തിലെ വിവിധ ബൂത്ത് ഇൻചാർജ്, ബൂത്ത് കമ്മിറ്റി പ്രസിഡൻറുമാരുടെ യോഗങ്ങളിലും വരും ദിവസങ്ങളിൽ സുരേഷ് ഗോപി പങ്കെടുക്കും.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജ്യമൊട്ടാകെ താമര വിരിയുമെന്ന് സുരേഷ് ഗോപി പറഞ്ഞു. തൃശ്ശൂരിലും അതിന്റെ തരംഗം ഉണ്ടാകും. രാജ്യത്തിന്റെ വിശ്വാസം കേരളത്തിന്റെ കൂടി വിശ്വാസം കേരളത്തിന്റേത് കൂടിയായി മാറും. അതിന്റെ ഗുണമുണ്ടാകുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.










Discussion about this post