വയനാട്: മാനന്തവാടി തോൽപ്പട്ടിയിൽ വനപാലകന് നേരെ വന്യജീവി ആക്രമണം. തോൽപ്പട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരനായ വെങ്കിട്ടദാസിന് നേരെയാണ് ആക്രമണം ഉണ്ടായത്. സിപിഎം ചോകോടി ബ്രാഞ്ച് സെക്രട്ടറി കൂടിയാണ് വെങ്കിട്ടദാസ്.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. അരണപ്പാറ പുളിമുക്കിൽവച്ചാണ് വെങ്കിട്ടദാസിന് നേരെ ആക്രമണം ഉണ്ടായത്. നടന്നു പോകുന്നതിനിടെ അദ്ദേഹം അപ്രതീക്ഷിതമായി വന്യജീവിയുടെ മുൻപിൽപ്പെടുകയായിരുന്നു. പുലിയാണ് ആക്രമിച്ചത് എന്നാണ് സൂചന.
ആക്രമണത്തിൽ വെങ്കിട്ടദാസിന്റെ തലയ്ക്കാണ് പരിക്ക്. നാട്ടുകാർ ചേർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. തോൽപ്പട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ താത്കാലിക ജീവനക്കാരനാണ് വെങ്കിട്ടദാസ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.












