കൊൽക്കത്ത: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഭീഷണിയുമായി തൃണമൂൽ കോൺഗ്രസ് നേതാവ് സിദ്ദിഖുള്ള ചൗധരി. ബംഗാളിൽ കാല് കുത്തിയാൽ യോഗിയെ വളയുമെന്ന് സിദ്ദിഖുള്ള പറഞ്ഞു. ക്ഷേത്രത്തിന്റെ ഭാഗമായ ജ്ഞാൻ വാപിയും, ശ്രീകൃഷ്ണ ജന്മഭൂമിയും പ്രശ്‌നങ്ങൾ കൂടാതെ ഹിന്ദുക്കൾക്ക് തിരികെ നൽകണമെന്ന് യോഗി ആദിത്യനാഥ് നിയമസഭയിൽ പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഭീഷണിയുമായി സിദ്ദിഖുള്ള രംഗത്ത് എത്തിയത്.
കൊൽക്കത്തയിൽ സംഘടിപ്പിച്ച ജാമിയത് ഉൽമ ഇ ഹിന്ദ് റാലിയിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു സിദ്ദിഖുള്ളയുടെ പ്രതികരണം. യോഗിയുടെ പരാമർശത്തിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നു. യോഗി ബംഗാളിലേക്ക് വന്നാൽ ഉറപ്പായും തങ്ങൾ വളയും. ജ്ഞാൻവാപിയിൽ ആരാധന നടത്തുന്നതിൽ നിന്നും ഹിന്ദുക്കൾ പിന്മാറണമെന്നാണ് തങ്ങൾക്ക് പറയാനുള്ളത്.
ഹിന്ദുക്കൾ ജ്ഞാൻവാപിയിൽ ആരാധനയ്ക്കായുള്ള അധികാരം പിടിച്ച് വാങ്ങിയത് ആണ്. അതുകൊണ്ട് തന്നെ ഉടനെ ഒഴിഞ്ഞ് മുസ്ലീങ്ങൾക്ക് ജ്ഞാൻവാപി കൈമാറണം. തങ്ങൾ ഒരിക്കലും ക്ഷേത്രങ്ങളിൽ പ്രാർത്ഥിക്കാറില്ല. പിന്നെ എന്തിനാണ് നിങ്ങൾ തങ്ങളുടെ മസ്ജിദിലേക്ക് വരുന്നത്. മസ്ജിദ് മസ്ജിദാണ്. ആർക്കെങ്കിലും മസ്ജിദ് ക്ഷേത്രമാക്കി മാറ്റാൻ ആഗ്രഹം ഉണ്ടെങ്കിൽ തങ്ങൾ മിണ്ടാതിരിക്കില്ല. എന്താണ് സംഭവിക്കുക എന്നത് കാണിച്ച് തരും. ജ്ഞാൻവാപിയ്ക്ക് 800 വർഷത്തെ പഴക്കം ഉണ്ട്. പിന്നെ എങ്ങനെ ക്ഷേത്രം തകർത്തു എന്ന് പറയാനാകുമെന്നും സിദ്ദിഖുള്ള ചോദിച്ചു.









