തിരുവനന്തപുരം : സ്കൂളിൽ നിന്നും വിനോദയാത്രയ്ക്ക് വന്ന വിദ്യാർത്ഥി പാർക്കിൽ കളിക്കുന്നതിനിടയിൽ കിണറ്റിൽ വീണു. തിരുവനന്തപുരം ശംഖുമുഖം ബീച്ചിനോട് ചേർന്ന പാർക്കിൽ വെച്ചാണ് അപകടം നടന്നത്. ആറാം ക്ലാസുകാരനായ വിദ്യാർത്ഥി കളിക്കുന്നതിനിടയിൽ മൂടിയില്ലാത്ത കിണറ്റിലേക്ക് അബദ്ധത്തിൽ വീഴുകയായിരുന്നു.
കൂട്ടുകാരോടൊത്ത് പാർക്കിൽ കളിക്കുന്നതിനിടയിൽ ആയിരുന്നു ആറാം ക്ലാസ് വിദ്യാർത്ഥി കിണറ്റിൽ വീണത്. കുട്ടികളുടെ ബഹളം കേട്ട് ഓടിയെത്തിയ സൈനികനായ യുവാവാണ് കുട്ടിക്ക് രക്ഷയായത്. പത്തനംതിട്ട സ്വദേശിയായ അർജുൻ കിണറ്റിലേക്ക് ചാടി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.
വൈകാതെ തന്നെ പാർക്കിൽ ഉണ്ടായിരുന്നവർ ഓടിയെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. സൈനികനായ അർജുന്റെ സമയോചിതമായ ഇടപെടൽ മൂലം കുട്ടിയുടെ ജീവൻ രക്ഷിക്കാനായി. നിലവിൽ തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. കുട്ടിക്കും രക്ഷകനായ സൈനികനും സാരമായ പരിക്കുകൾ ഇല്ലെന്ന് അധികൃതർ അറിയിച്ചു.
Discussion about this post