വയനാട്: മാനന്തവാടിയില്‍ ഒരാളെ കൊന്ന കാട്ടാനയെ മയക്കുവെടി വയ്ക്കാന്‍ ഉത്തരവ് പുറത്തിക്കി. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ഉത്തരവിറക്കിയത്. ആനയെ പിടികൂടി മുത്തങ്ങ ക്യാമ്പിലേക്ക് മാറ്റും. പിന്നീട് ആനയുടെ ആരോഗ്യനില പരിശോധിച്ചതിനുശേഷം ഉള്‍വനത്തില്‍ തുറന്ന് വിടും. ആനയെ പിടികൂടുന്നതിന്റെ ഭാഗമായി മുത്തങ്ങയില്‍ നിന്ന് രണ്ട് കുങ്കിയാനകളെ പടമയിലേക്ക് എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
പയ്യമ്പള്ളി സ്വദേശി അജിയാണ് കാട്ടാനയുടെ ആക്രമണത്തില്‍ രാവിലെ കൊല്ലപ്പെട്ടത്. റോഡിലൂടെ നടന്ന് പോകുന്നതിനിടെ അജീഷ് കാട്ടാനയുടെ മുന്‍പില്‍ എത്തുകയായിരുന്നു. ആനയെ കണ്ട് ഭയന്ന് ഓടി മറ്റൊരു വീടിന് ഉള്ളിലേക്ക് കയറി. എന്നാല്‍ ആന മതില്‍ പൊളിച്ചെത്തി അജിഷിനെ ആക്രമിക്കുകയായിരുന്നു. ഉടനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. കര്‍ണാടക റേഡിയോ കോളര്‍ ഘടിപ്പിച്ചു കാടുകയറ്റിയ ആനയാണു ജനവാസമേഖലയിലേക്കെത്തിയത്.
സംഭത്തെ തുടര്‍ന്ന് മാനന്തവാടിയില്‍ പ്രതിഷേധം ശക്തമാണ്. കൊല്ലപ്പെട്ട അജീഷിന്റെ മൃതദേഹവുമായാണ് നാട്ടുകാര്‍ പ്രതിഷേധ പ്രകടനം നടത്തുന്നത്. കൊല്ലപ്പെട്ട അജിഷിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക, കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കുക, കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുക , നാട്ടില്‍ ഇറങ്ങുന്ന ആനകളെ വെടിവയ്ക്കാന്‍ ഉത്തരവ് ഇടുക എന്നിങ്ങനയെുള്ള ആവിശ്യങ്ങളാണ് നാട്ടുകാര്‍ മുന്നോട്ട് വയ്ക്കുന്നത്.








