ന്യൂഡൽഹി : വനംമന്ത്രി എ കെ ശശീന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. വയനാട്ടിൽ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബം ആവശ്യപ്പെട്ടത് പോലെ ജനങ്ങളുടെ ജീവന് യാതൊരു സുരക്ഷയും ഉറപ്പാക്കാൻ കഴിയാത്ത വനം മന്ത്രിയെ പുറത്താക്കണമെന്ന് വി മുരളീധരൻ ആവശ്യപ്പെട്ടു. കർണാടക സർക്കാർ റേഡിയോ കോളർ ഘടിപ്പിച്ച് വിട്ട ആന ആയിട്ട് പോലും ജനവാസ മേഖലയിൽ ആന എത്തിയതിനെ കുറിച്ച് യാതൊരു മുന്നറിയിപ്പും നൽകാൻ വനംവകുപ്പിന് കഴിയാതിരുന്നത് ഗുരുതര വീഴ്ചയാണെന്നും വി മുരളീധരൻ കുറ്റപ്പെടുത്തി.
വനം എന്താണെന്ന് അറിയാത്ത വനംമന്ത്രിയും സാമ്പത്തികശാസ്ത്രം എന്താണെന്നറിയാത്ത ധനമന്ത്രിയും ആണ് കേരളത്തിലുള്ളതെന്ന് വി മുരളീധരൻ വിമർശിച്ചു. നികുതി ദായകരുടെ പണംകൊണ്ട് എ കെ ശശീന്ദ്രനെ പോലെ ഉള്ളവരെ തീറ്റിപ്പോറ്റേണ്ട കാര്യമില്ല എന്നും അദ്ദേഹം വ്യക്തമാക്കി. വന്യജീവി ആക്രമണങ്ങൾ നേരിടാനായി കേന്ദ്രസർക്കാർ നൽകുന്ന പണം എവിടെപ്പോയെന്ന് കേരളത്തിലെ സർക്കാർ വ്യക്തമാക്കണമെന്നും വി മുരളീധരൻ ആവശ്യപ്പെട്ടു.
വനങ്ങളിൽ നിന്നും വന്യജീവികൾ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് തടയാനായി വൈദ്യുതി വേലി കെട്ടുന്നതിനെക്കുറിച്ചോ വനത്തിൽ ഭക്ഷണം എത്തിക്കുന്നതിനെ കുറിച്ചോ എന്തെങ്കിലും പദ്ധതി നടന്നോ എന്ന് കേരള സർക്കാർ വ്യക്തമാക്കണം. പ്രൊജക്റ്റ് എലിഫന്റ് പദ്ധതി എന്തായി എന്നതിനെ കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കണം. കേന്ദ്രവിരുദ്ധ സമരത്തിനായി കേരള കർണാടക വനം മന്ത്രിമാർ ഒരേസമയം ഡൽഹിയിൽ ഉണ്ടായിരുന്നു. എന്നാൽ ജനങ്ങൾക്കെതിരായ വന്യജീവി ആക്രമണം നേരിടാൻ എന്തെങ്കിലും ചർച്ച നടത്തിയിരുന്നെങ്കിൽ അത്കൊണ്ട് ജനങ്ങൾക്ക് പ്രയോജനം ലഭിച്ചേനെ എന്നും വി മുരളീധരൻ വിമർശനമുന്നയിച്ചു.
Discussion about this post