ന്യൂഡൽഹി: കേരളത്തിൽ നേരിടുന്ന വന്യമൃഗ ശല്യത്തിനും ആക്രമണങ്ങൾക്കും എതിരെ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാനത്തോട് ആവശ്യപ്പെട്ട് കേന്ദ്രം. സംസ്ഥാനത്തെ വന്യമൃഗശല്യം കാരണം ജനജീവിതം ദുസ്സഹമാണെന്ന് ചൂണ്ടിക്കാട്ടി രാജ്യസഭാംഗം ജെബി മേത്തർ കേന്ദ്രം വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദ്രർ യാദവിന് നിവേദനം നൽകിയതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നിർദേശം.
ജനങ്ങളുടെ സുരക്ഷക്കും, ഉപജീവനത്തിനും വലിയ ഭീഷണിയാണ് വന്യമൃഗങ്ങൾ ഉണ്ടാക്കുന്നതെന്ന് എംപി നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിരവധി പേർ മരിച്ചതിനെ കുറിച്ചും എംപി മന്ത്രിയെ ധരിപ്പിച്ചു. ജനവാസ മേഖലകളിലേക്ക് വന്യമൃഗങ്ങൾ എത്തുന്നതിന് തടയിടാൻ ആവശ്യമായ നടപടികൾ എടുക്കണമെന്നും വന്യമൃഗ ആക്രമണത്താൽ മരണെപ്പട്ടവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകണമെന്നും ജെബി മേത്തർ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, വയനാട് മാനന്തവാടി സ്വദേശിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങൾ കടുക്കുകയാണ്. വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് ആവർത്തിച്ചിട്ടും സർക്കാർ ചെറുവിരൽ അനക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. മാനന്തവാടി ബിഷപ്പ് മാർ ജോസ് പൊരുന്നോടവും സർക്കാരിനെതിരെ വിമർശനമുന്നയിച്ചു. വന്യമൃഗശല്യം പരിഹരിക്കുന്നതിൽ ഭരണാധികാരികൾ പരാജയപ്പെടുകയാണെന്നും മനുഷ്യ ജീവനുണ്ടാകുന്ന നഷ്ടം പണം നൽകി പരിഹരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post