ന്യൂഡൽഹി : ഫ്രാൻസ് – ഇന്ത്യ ഉഭയകക്ഷി സഹകരണത്തിന്റെ ഭാഗമായി ഫ്രാൻസിൽ ഇന്ത്യ അവതരിപ്പിച്ച യുണിഫൈഡ് പേയ്മെൻ്റ് ഇൻ്റർഫേസ് (യുപിഐ) സേവനങ്ങൾ വൻ വിജയമായതിനെ തുടർന്ന് കൂടുതൽ രാജ്യങ്ങളിലേക്ക് കൂടി സേവനങ്ങൾ നീട്ടാൻ കേന്ദ്ര സർക്കാർ തീരുമാനം. ആദ്യഘട്ടത്തിൽ ശ്രീലങ്കയിലും മൗറീഷ്യസിലും ആണ് ഇന്ത്യയുടെ യുപിഐ സേവനങ്ങൾ അവതരിപ്പിക്കുന്നത്. കൂടാതെ മൗറീഷ്യസിൽ റുപേ കാർഡ് സേവനങ്ങളും ആരംഭിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം ഞായറാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.
യുപിഐ സേവനങ്ങൾ ശ്രീലങ്കയിലേക്ക് മൗറീഷ്യസിലേക്കും കൂടി നീട്ടുന്നതിന്റെ ഭാഗമായുള്ള ലോഞ്ചിംഗ് ചടങ്ങ് തിങ്കളാഴ്ച നടക്കും. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി, ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നാഥ് എന്നിവർ ചേർന്ന് വീഡിയോ കോൺഫറൻസ് വഴിയാണ് യുപിഐ ലോഞ്ചിംഗ് നടത്തുക.
ഇരു രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്കും ഈ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന വിനോദസഞ്ചാരികൾക്കും ഡിജിറ്റൽ പേയ്മെന്റ്കളുടെ ലഭ്യത കൂടുതൽ എളുപ്പമാക്കാൻ പുതിയ സേവനം വഴി കഴിയുന്നതാണ്. തടസ്സങ്ങൾ ഇല്ലാത്തതും വേഗതയേറിയതും ആയ ഡിജിറ്റൽ ഇടപാടുകൾ വഴി രാജ്യങ്ങൾ തമ്മിലുള്ള പരസ്പര ഡിജിറ്റൽ കണക്ടിവിറ്റി വർദ്ധിപ്പിക്കുന്നതിനും ഇതുവഴി സാധ്യമാകുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
Discussion about this post