എറണാകുളം : കേരളത്തിൽ തുടർക്കഥയാകുന്ന വന്യമൃഗ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് വനം വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ജനങ്ങളുടെ ജീവന് യാതൊരു വിലയും ഇല്ലേ എന്ന് ഹൈക്കോടതി ചോദ്യമുന്നയിച്ചു. വന അതിർത്തിയിൽ താമസിക്കുന്ന ജനങ്ങൾ ഒഴിഞ്ഞു പോകുന്നതുമായി ബന്ധപ്പെട്ട മറ്റൊരു ഹർജി പരിഗണിക്കുന്നതിനിടയിലാണ് വനംവകുപ്പിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്.
നഷ്ടപരിഹാരം നൽകിയാൽ ഒഴിഞ്ഞുപോകാം എന്ന് പറയുന്ന ജനങ്ങൾക്ക് അത് കൊടുത്തു കൂടെ എന്ന് കോടതി ചോദിച്ചു. ഇക്കാര്യത്തിൽ കൃത്യമായ ഒരു നയം ഉണ്ടാക്കണമെന്നും ഹൈക്കോടതി വനം വകുപ്പിനോട് നിർദ്ദേശിച്ചിട്ടുണ്ട്. വയനാട്ടിൽ കഴിഞ്ഞദിവസം ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയുടെ ആക്രമണത്തെ തുടർന്ന് ട്രാക്ടർ ഡ്രൈവറായ അജീഷ് കൊല്ലപ്പെട്ട സംഭവത്തെ തുടർന്നാണ് ഹൈക്കോടതി വനം വകുപ്പിനെതിരെ വിമർശനമുന്നയിച്ചത്.
അതേസമയം അജീഷിനെ കൊലപ്പെടുത്തിയ കാട്ടാനയെ മയക്കുവെടിവയ്ക്കുന്നതിനായി 200 അംഗ ദൗത്യസംഘം ഇപ്പോഴും വനത്തിൽ തുടരുകയാണ്. മണ്ണുണ്ടി കോളനിക്ക് സമീപമുള്ള വനത്തിലാണ് ആന ഇപ്പോൾ ഉള്ളത്. സാഹചര്യം അനുകൂലമായാൽ ഉടൻ തന്നെ മയക്കുവെടി വയ്ക്കുമെന്ന് വനം വകുപ്പ് വ്യക്തമാക്കി. ആനയെ പിടികൂടുന്നതിനായി നാലു കുങ്കിയാനകളുടെ സംഘവും സ്ഥലത്ത് സജ്ജരാണ്.
Discussion about this post