ശ്രീനഗർ: ജമ്മു കശ്മീരിൽ വിവിധ ഭാഷാ തൊഴിലാളികളെ വെടിവച്ച് കൊലപ്പെടുത്തിയ ഭീകരൻ അറസ്റ്റിൽ. സൽദഗർ സ്വദേശി ആദിൽ മൻസൂർ ലൻഗൂ ആണ് അറസ്റ്റിലായത്. ഈ മാസം ഏഴിനായിരുന്നു ഇയാൾ വിവധ ഭാഷാ തൊഴിലാളികളെ വെടിവച്ച് കൊലപ്പെടുത്തിയത്.
സംഭവത്തിന് പിന്നാലെ തന്നെ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. തെളിവ് ശേഖരണം ഉൾപ്പെടെ കാര്യക്ഷമമായിരുന്നു. തെളിവുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഇയാളിലേക്ക് എത്തിയത്. വിവിധ ഭാഷാ തൊഴിലാളികളെ കൊലപ്പെടുത്താൻ പ്രതികൾ ഉപയോഗിച്ച പിസ്റ്റലും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഇയാൾ ഏത് ഭീകര സംഘടന കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതാണെന്ന വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല. പാകിസ്താനിൽ നിന്നുള്ള സോഷ്യൽ മീഡിയ വീഡിയോകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ആദിൽ മൻസൂർ വിവിധ ഭാഷാ തൊഴിലാളികളെ വെടിവച്ചത് എന്നാണ് വിവരം. മുൻപ് ഇയാൾ ക്രിമിനൽ കേസുകളിൽപ്പെട്ടതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
പഞ്ചാബ് സ്വദേശികളായ അമൃത്പാൽ സിംഗ്, രോഹിത് മാസി എന്നിവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രാത്രി വീടിന് മുൻപിൽ സംസാരിച്ച് നിൽക്കുകയായിരുന്നു ഇരുവരും. ഇതിനിടെ ഇരുചക്ര വാഹനത്തിൽ എത്തിയ ആദിൽ ഇരുവർക്കും നേരെ വെടിയുതിർക്കുകയായിരുന്നു. അമൃത്പാൽ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. സാരമായി പരിക്കേറ്റ രോഹിതിന് ആശുപത്രിയിൽ കഴിയുന്നതിനിടെയാണ് ജീവൻ നഷ്ടപ്പെട്ടത്.
Discussion about this post