അബുദാബി:അബുദാബിയിലെ ബി എ പി എസ് ഹിന്ദു ശിലാക്ഷേത്രത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ മുഖ്യപുരോഹിതനും ആചാര്യന്മാരും അടക്കം എത്തി സ്വീകരിച്ചു. ഉദ്ഘാടന ചടങ്ങ് ഏതാനും മിനിറ്റുകൾക്കുള്ളിൽ ആരംഭിക്കും.മുഖ്യപുരോഹിതനും ആത്മീയാചാര്യനുമായ മഹന്ത് സ്വാമി മഹാരാജ് നേതൃത്വം നൽകും. യു.എ.ഇ.ഭരണാധികാരികളടക്കം ഒട്ടേറെ അറബ് പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും
അബുദാബി -ദുബായി ഹൈവേയിലെ അബു മുറൈഖയിലാണ് അബുദാബി സർക്കാർ നൽകിയ 27 ഏക്കർ സ്ഥലത്ത് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
2019 ഏപ്രിൽ മാസത്തിലാണ് ക്ഷേത്രത്തിൻറെ തറക്കല്ല് ഇട്ടത്. 55,000 ചതുരശ്ര മീറ്റർ സ്ഥലത്ത് ആണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
പരമ്പരാഗത നാഗര രീതിയിലാണ് ക്ഷേത്രം നിർമ്മിച്ചിട്ടുള്ളത്. മന്ദിറിന് 108 അടി ഉയരവും (32.92 മീറ്റർ), 262 അടി (79.86 മീറ്റർ) നീളവും180 അടി (54.86 മീറ്റർ) വീതിയും ഉണ്ട്. യു എ ഇയുടെ ഏഴ് എമിറേറ്റുകളെ സൂചിപ്പിക്കുന്ന ഏഴ് ശിഖാരകളും ഇവിടെ കാണാം. പിങ്ക് സാൻഡ് സ്റ്റോണുകളും വെള്ള മാർബിളുകളും ഉപയോഗിച്ചാണ് ക്ഷേത്ര നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. രാജസ്ഥാനിലെ ഭരത്പൂരിൽ നിന്നുള്ള റെഡ്സ്റ്റോണും സാൻഡ് സ്റ്റോണും ആണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. 25,000 കല്ലുകൾ ഉപയോഗിച്ചാണ് ക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. 55 ഡിഗ്രി വരെ താപനിലയെ പ്രതിരോധിക്കാൻ കഴിയുന്ന വിധത്തിലുള്ളവയാണ് ഈ കല്ലുകൾ രാജസ്ഥാനിൽ നിന്നും ഗുജറാത്തിൽ നിന്നുമുള്ള വിദഗ്ധരായ ശിൽപ്പികളാണ് ഈ കല്ലുകൾ കൊത്തിയെടുത്തത്. ഇവിടുന്ന് തന്നെയുള്ള കരകൗശല വിദഗ്ദർ ചേർന്നാണ് 402 വെളുത്ത മാർബിൾ തൂണുകൾ കൊത്തിയെടുത്തത്. തറയിൽ വിരിച്ചിരിക്കുന്നത് ഇറ്റാലിയൻ മാർബിൾ ആണ്.
സ്വാമിനാരായണൻ, അക്ഷര-പുരുഷോത്തം, രാധാ-കൃഷ്ണൻ, രാമ-സീത, ലക്ഷ്മണൻ, ഹനുമാൻ, ശിവ-പാർവതി, ഗണേശൻ, കാർത്തികേയ, പത്മാവതി-വെങ്കടേശ്വര, ജഗന്നാഥൻ, അയ്യപ്പൻ എന്നിവരുടെ മൂർത്തികളാണ് ഈ മന്ദിരത്തിലുള്ളത്. ശിവന് സമർപ്പിച്ചിരിക്കുന്ന ശ്രീകോവിലിൽ, അതിമനോഹരമായ കൊത്തുപണികൾ, 12 ‘ജ്യോതിർലിംഗ’ങ്ങളുടെ മണ്ഡലങ്ങൾ എന്നിവയുടെ ചിത്രീകരണം കാണാം. ‘ജഗന്നാഥ യാത്ര’ എന്ന രഥയാത്ര ആഘോഷം ജഗന്നാഥന്റെ ശ്രീകോവിലിനുള്ളിൽ കൊത്തിയിട്ടുണ്ട. ഭഗവത് ഗീത, മഹാഭാരതം എന്നിവയിൽ നിന്നുള്ള രംഗങ്ങൾ ഭഗവാൻ കൃഷ്ണനു സമർപ്പിച്ചിരിക്കുന്ന ശ്രീകോവിലിനുള്ളിൽ കാണാം. 700 കോടി ഇന്ത്യൻ രൂപാ അഥവാ 400 ദശലക്ഷം യുഎഇ ദിർഹം ആണ് ഇതിൻറെ നിർമ്മാണത്തിനായി ചെലവഴിച്ചിരിക്കുന്നത്
Discussion about this post