കൊൽക്കത്ത: സന്ദേഷ്ഖാലി പ്രദേശത്ത് സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമത്തിൽ പശ്ചിമ ബംഗാൾ സർക്കാരിനെതിരെയും തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജിക്കെതിരെയും രൂക്ഷ വിമർശനവുമായി ബിജെപി. ഷാജഹാൻ ഷെയ്ഖിനെപ്പോലെയുള്ള കുറ്റവാളികളെ മമതാ ബാനർജി നിയമത്തിൽ നിന്നും സംരക്ഷിക്കുകയാണെന്ന് ബിജെപി എംപി ദിലീപ് ഘോഷ് പറഞ്ഞു. ജനങ്ങൾ അവരോട് ക്ഷമിക്കില്ല. മമത ഒന്നുകിൽ അവരുടെ സ്ഥാനം ഒഴിയണം, ഇല്ലെങ്കിൽ ജനങ്ങൾ അവരെക്കൊണ്ട് അത് ചെയ്യിപ്പിക്കുമെന്നും ബിജെപി എംപി കൂട്ടിച്ചേർത്തു.
സന്ദേഷ്ഖാലി പ്രദേശത്ത് ടിഎംസി നേതാവ് ഷാജഹാൻ ഷെയ്ഖും കൂട്ടാളികളും ചേർന്ന് സ്ത്രീകൾക്ക് എതിരെ നടത്തുന്ന ലൈംഗിക അതിക്രമത്തിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സുകന്ത മജുംദറിന്റെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. പോലീസ് നടത്തിയ ലാത്തിചാർജിൽ മജുംദാറിന് കാര്യമായ പരിക്കുകൾ പറ്റിയിരുന്നു. കഴിഞ്ഞ കുറച്ച് ആഴ്ച്ചകളിലായി തങ്ങൾക്കെതിരെയുള്ള ക്രൂരതകൾക്കെതിരെ സന്ദേഷ്ഖാലിയിലെ സ്ത്രീകൾ പ്രക്ഷോഭങ്ങൾ നടത്തുകയാണ്.
പശ്ചിമ ബംഗാളിലെ സന്ദേഷ്ഖാലി സന്ദർശിക്കാനും സ്ത്രീകൾ നേരിടുന്ന ലൈംഗിക അതിക്രമങ്ങളെയും ക്രൂരതകളെയും കുറിച്ചും അന്വേഷിക്കാനുമായി കേന്ദ്ര മന്ത്രിമാരുടെയും എംപിമാരുടെയും അഞ്ചംഗ സംഘത്തെ ബിജെപി നിയോഗിച്ചിരുന്നു. കേന്ദ്രമന്ത്രി അന്നപൂർണ ദേവിയായിരുന്നു ഉന്നതതല സംഘത്തിന്റെ കൺവീനർ. ഇവരെ കൂടാതെ, പ്രതിമ ഭൗമിക്, ബിജെപി എംപിമാരായ സുനിത ദഗ്ഗൽ, കവിത പതികർ, സംഗീത യാദവ്, ബ്രിജിലാൽ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. സ്ഥലത്ത് സന്ദർശനം നടത്താനും പ്രശ്‌നങ്ങൾ മനസിലാക്കാനും അതിജീവിതകളോട് സംസാരിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയ്ക്ക് റിപ്പോർട്ട് നൽകാനുമായിരുന്നു നിർദേശം.
‘ഹൃദയത്തെ പിടിച്ചുലക്കുന്നത്’ എന്നാണ് സംഭവത്തെ കുറിച്ച് ജെപി നദ്ദ പ്രതികരിച്ചത്. സ്ത്രീകൾക്കെതിരെയുള്ള പീഡനങ്ങളും തെമ്മാടിത്തരവുമെല്ലാം വെസ്റ്റ് ബെംഗാളിലെ സ്ഥിരം സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. ഭരണകൂടം മൂകസാക്ഷിയായി നിൽക്കുകയാണ്. സംസ്ഥാനത്തിലുടനീളം ക്രമസമാധാനം താറുമാറായെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post