എറണാകുളം: കേന്ദ്ര സർക്കാർ നൽകുന്ന ഭാരത് അരിക്ക് എറണാകുളത്ത് വലിയ ജനപ്രീതി. ഇന്നലെ ഉച്ചയ്ക്ക് ദർബാർ ഹാളിൽ എത്തിയ അരി തീർന്നത് വെറും രണ്ട് മണിക്കൂർ കൊണ്ടാണ്. അതും 1,200 ചാക്ക് അരിയാണ് നിമിഷനേരം കൊണ്ട് വിറ്റ് കഴിഞ്ഞത്.
ഇത്ര വില കുറവിൽ 10 കിലോയുടെ പാക്കറ്റിൽ കിട്ടുന്ന അരിക്ക് റേഷൻ കാർഡോ മറ്റ് രേഖകളോ ഇല്ലാതെ അരി നൽകുന്നത് കൊണ്ടാണ് ഇത്രയും ജനപ്രീതി നേടിയത് എന്ന് ബിജെപി സംസ്ഥാന സമിതിയംഗവും നഗരസഭാ കൗൺസിലറുമായ പദ്മജ എസ് മേനോൻ പറഞ്ഞു. അരി വാങ്ങാൻ സർക്കാർ ഉദ്യോഗസ്ഥരുൾപ്പെടെ നിരവധി പേരാണ് എത്തിയിരുന്നത്. ഒന്നിലേറെ പാക്കറ്റ് വാങ്ങിയവർ വരെയുണ്ട്. അരിയെത്തിയ വിവരം അറിഞ്ഞ് കിലോമീറ്ററുകൾ അകലെ നിന്ന് വരെ എത്തിയവരും ഏറെയാണെന്നും അവർ കൂട്ടിച്ചേർത്തു.
ഇന്ന് അരിയുടെ വിൽപ്പന പാലക്കാട് ജില്ലയിലായിരുന്നു. അരിക്കൊപ്പം കടലപ്പരിപ്പും നൽകുന്നുണ്ട്. 29 രൂപയ്ക്കാണ് ഭാരത് അരി കേന്ദ്ര സർക്കാർ ജനങ്ങളിലേക്ക് എത്തിക്കുന്നത്. 5 കിലോ, 10 കിലോ പാക്കറ്റുകളിലാണ് അരി കൊടുക്കുന്നത്. ഈ ആഴ്ച തന്നെ വാഹനങ്ങളിൽ എല്ലാ ജില്ലകളിലും വിതരണം ചെയ്യുമെന്നാണ് എൻസിസിഎഫ് അറിയിച്ചിരിക്കുന്നത്.
Discussion about this post