ഡെറാഡൂൺ: അനധികൃത മദ്രസ പൊളിച്ചതിന്റെ പേരിൽ ഹൽദ്വാനിയിൽ സംഘർഷം ഉണ്ടാക്കിയ കേസിലെ മുഖ്യപ്രതിയ്‌ക്കെതിരെ കർശന നടപടിയുമായി സർക്കാർ. സംഘർഷത്തിന് നേതൃത്വം നൽകിയ അബ്ദുൾ മാലികിന്റെ സ്വത്തുക്കൾ പിടിച്ചെടുത്തു. ബൻഭുൽപുരയിലെ വീട്ടിൽ അധികൃതരും പോലീസും നേരിട്ട് എത്തിയാണ് സ്വത്തുക്കൾ കണ്ടുകെട്ടിയത്.
എസ്എസ്പി പ്രഹ്ലാദ് മീണയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വത്തുക്കൾ പിടിച്ചെടുത്തത്. ടി.വി, ഫ്രിഡ്ജ് മുതലായ ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റ് വസ്തുവകകളും അധികൃതർ കൊണ്ടുപോയി. അബ്ദുൾ മാലിക് ഉൾപ്പെടെ ഒൻപത് പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനാണ് ഉത്തരവ് ഇട്ടിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പേരുടെ വീടുകളിൽ നിന്നും സ്ഥാവരജംഗമ വസ്തുക്കൾ പിടിച്ചുകെട്ടും.
ഹൽദ്വാനിയിൽ പ്രതികൾ നടത്തിയ ആക്രമണത്തിൽ കോടികളുടെ പൊതുമുതലാണ് നശിപ്പിക്കപ്പെട്ടത്. ഇതിൽ 2.45 കോടി രൂപ നഷ്ടപരിഹാരമായി അടയ്ക്കാൻ ആവശ്യപ്പെട്ട് അധികൃതർ അബ്ദുൾ മാലിക്കിന് അധികൃതർ നോട്ടീസ് നൽകിയിരുന്നു. എന്നാൽ പറഞ്ഞ തിയതി കഴിഞ്ഞിട്ടും ഇയാൾ നഷ്ടപരിഹാരം അടച്ചിരുന്നില്ല. ഇതേ തുടർന്നായിരുന്നു സ്വത്തുക്കൾ പിടിച്ചെടുത്തത്.
കഴിഞ്ഞ ആഴ്ചയായിരുന്നു മദ്രസ പൊളിച്ച് നീക്കിയതിന്റെ പേരിൽ ഹൽദ്വാനിയിൽ സംഘർഷം ഉണ്ടായത്. നമാസ് പ്രാർത്ഥനയ്ക്ക് ശേഷം നഗരത്തിൽ സംഘടിച്ച മതതീവ്രവാദികൾ വ്യാപക ആക്രമണം നടത്തുകയായിരുന്നു. സംഘർഷത്തിൽ ആറോളം പേരാണ് കൊല്ലപ്പെട്ടത്.
Discussion about this post