വയനാട്: കാട്ടായുടെ ആക്രമണത്തിൽ നടത്തിയ പ്രതിഷേധ പ്രകടനങ്ങൾക്കിടെയുണ്ടായ അക്രമ സംഭവങ്ങളിൽ കേസ് എടുക്കാൻ തീരുമാനിച്ച് പോലീസ്. അക്രമസംഭവങ്ങളിൽ ഏർപ്പെട്ടവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുക്കുക. ഇതിന്റെ ഭാഗമായുള്ള അന്വേഷണം പോലീസ് ആരംഭിച്ചു.
വൻപൊതുജന പ്രക്ഷോഭത്തിനാണ് പുൽപ്പള്ളി ഇന്ന് സാക്ഷ്യംവഹിച്ചത്. പ്രതിഷേധം നിയന്ത്രിക്കാൻ എത്തിയ പോലീസുകാർക്കും സ്ഥലത്ത് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർക്കും നേരെ കയ്യേറ്റം ഉൾപ്പെടെയുണ്ടായി. ഈ സാഹചര്യത്തിലാണ് പ്രതിഷേധക്കാർക്കെതിരെ കേസ് എടുക്കാൻ തീരുമാനിച്ചത്. വനം വകുപ്പിൻറെ വാഹനം ആക്രമിച്ചു, ഉദ്യോഗസ്ഥരെ ആക്രമിച്ചു, മൃതദേഹം തടഞ്ഞു, പൊലീസ് ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞു തുടങ്ങിയ കുറ്റങ്ങൾ പ്രതിഷേധക്കാർക്കെതിരെ ചുമത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന് പുറമേ മറ്റ് കുറ്റങ്ങളും ചുമത്തും.
ആളുകളെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി നഗരത്തിലെ സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിക്കുന്നുണ്ട്. സംഘർഷത്തിന് നേതൃത്വം നൽകിയവർക്കെതിരെയാണ് ആദ്യം കേസ് എടുക്കുക. ഇവരെ കണ്ടെത്താനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്.
ഒരാഴ്ചയ്ക്കിടെ രണ്ട് പേരാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഈ സാഹചര്യത്തിലായിരുന്നു ശക്തമായി പ്രതിഷേധിക്കാൻ ജനങ്ങൾ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട പോളിൻറെ മൃതദേഹവും വഹിച്ചുകൊണ്ടായിരുന്നു പ്രതിഷേധം ആരംഭിച്ചത്. നഗരം ജനസാഗരം ആയതോടെ പോലീസിന് ലാത്തിവീശേണ്ടിവന്നു. പ്രദേശത്ത് നിലവിൽ നിരോധനാജ്ഞയാണ്.











