കൊല്ലം : വരുന്ന പൊതു തിരഞ്ഞെടുപ്പിൽ കൊല്ലം ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി എൻ കെ പ്രേമചന്ദ്രൻ മത്സരിക്കും. അഞ്ചാം തവണയാണ് എൻ കെ പ്രേമചന്ദ്രൻ കൊല്ലത്ത് നിന്നും ലോക്സഭയിലേക്ക് മത്സരിക്കുന്നത്. കഴിഞ്ഞ നാലുതവണകളിലും വമ്പിച്ച ഭൂരിപക്ഷത്തോടെ ആയിരുന്നു എൻ കെ പ്രേമചന്ദ്രൻ കൊല്ലത്തു നിന്നും വിജയിച്ചിരുന്നത്.
ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ ആണ് കൊല്ലം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. ഈ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് കേരളത്തിൽ നിന്നും 20 സീറ്റുകളും നേടാൻ സാധിക്കും എന്ന വിശ്വാസം ഉണ്ടെന്ന് ഷിബു ബേബി ജോൺ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. എൽഡിഎഫ് ന്യൂനപക്ഷങ്ങളുടെ ഭയം മുതലാക്കി വോട്ട് നേടാനുള്ള തരംതാണ പ്രചാരണങ്ങൾ ആണ് നടത്തുന്നത് എന്നും ഷിബു ബേബി ജോൺ അഭിപ്രായപ്പെട്ടു.
പ്രശസ്ത സിനിമാതാരവും കൊല്ലം എംഎൽഎയും ആയ മുകേഷ് ആയിരിക്കും കൊല്ലം ലോക്സഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി ആകുക എന്നാണ് സൂചന. നേരത്തെ 1996, 1998, 2014, 2019 എന്നീ വർഷങ്ങളിലെ ലോക്സഭ തെരഞ്ഞെടുപ്പുകളിൽ കൊല്ലത്തുനിന്നും എൻ കെ പ്രേമചന്ദ്രൻ മികച്ച ഭൂരിപക്ഷത്തോടെ ആയിരുന്നു വിജയിച്ചിരുന്നത്. ഈ വർഷവും എൻ കെ പ്രേമചന്ദ്രൻ ചരിത്രം ആവർത്തിക്കുമോ എന്നാണ് കൊല്ലത്തെ ജനങ്ങൾ ഉറ്റുനോക്കുന്നത്.
Discussion about this post