തിരുവനന്തപുരം : കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിൽ കനത്ത ചൂടാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇനിയുള്ള ദിവസങ്ങളിൽ ചൂട് ഉയർന്നേക്കാം എന്നാണ് മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളത്. ചൂട് കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ പൊതുജനങ്ങൾക്കായി ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. നിർജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നത്.
കനത്ത ചൂട് പരിഗണിച്ച് ജോലി സമയം ക്രമീകരിക്കണമെന്നും നിർദ്ദേശമുണ്ട്. പകൽ 11 മണി മുതൽ മൂന്നു മണി വരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ചാണ് ജോലി സമയത്തിൽ ക്രമീകരണം വരുത്തേണ്ടത്. ഉയർന്ന ചൂടിൽ സൂര്യതാപം ഏൽക്കാൻ സാധ്യതയുള്ളതിനാൽ നേരിട്ട് വെയിൽ കൊള്ളാതിരിക്കാനും ശ്രദ്ധിക്കണം. നിർജനീകരണത്തിന് സാധ്യതയുള്ളതിനാൽ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കേണ്ടതാണ്.
അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോൾ ശരീരം കൂടുതലായി വിയർക്കുകയും ശരീരത്തിലെ ജലാംശവും ലവണങ്ങളും നഷ്ടപ്പെട്ട് നിർജലീകരണവും പേശിവലിവും അനുഭവപ്പെടുകയും ചെയ്യുന്നതാണ്. ഇത് ഒഴിവാക്കുന്നതിനായി നാരങ്ങാവെള്ളം, കരിക്കിൻ വെള്ളം, ഉപ്പിട്ട കഞ്ഞിവെള്ളം തുടങ്ങിയ പാനീയങ്ങൾ ധാരാളമായി കുടിക്കേണ്ടതാണ്. ശരീരത്തിൽ ചുവന്ന പാടുകളോ വേദനയോ പൊള്ളലോ ഉണ്ടാവുകയാണെങ്കിൽ ഉടൻതന്നെ ഡോക്ടറെ കണ്ടു ചികിത്സ തേടേണ്ടതാണ്. വെയിലേൽക്കുന്ന സമയത്ത് ശക്തിയായ തലവേദന, തലകറക്കം, നാഡി മിടിപ്പ് മന്ദഗതിയിൽ ആവുക എന്നീ ലക്ഷണങ്ങൾ ഉണ്ടായാലും ഉടൻതന്നെ വൈദ്യസഹായം തേടേണ്ടതാണ്.
Discussion about this post