തിരുവനന്തപുരം : ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പരീക്ഷ ആനുകൂല്യങ്ങൾ നൽകുന്നതിന് കേന്ദ്രസർക്കാർ വിജ്ഞാപന പ്രകാരം ഉള്ള മാനദണ്ഡങ്ങൾ അംഗീകരിക്കില്ലെന്ന് കേരള പൊതു വിദ്യാഭ്യാസ വകുപ്പ്. കേന്ദ്രസർക്കാരിന്റെ പ്രത്യേക വിജ്ഞാപന പ്രകാരം ഭിന്നശേഷി കമ്മീഷണറേറ്റ് ആണ് ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള പരീക്ഷ ആനുകൂല്യങ്ങൾ നിശ്ചയിച്ചത്. ഇതോടെ പരീക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിൽ വലിയ ബുദ്ധിമുട്ടിൽ ആയിരിക്കുകയാണ് കേരളത്തിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾ.
ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള ആധികാരിക രേഖയായി യൂണിക് ഡിസെബിലിറ്റി ഐഡി കാർഡ് ആണ് ഭിന്നശേഷി കമ്മീഷണറേറ്റ് നിശ്ചയിച്ചിരുന്നത്. എന്നാൽ ഡിസബിലിറ്റി ഐഡി കാർഡ് ആധികാരിക രേഖയായി കണക്കാക്കാൻ ആവില്ല എന്നാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നത്. ഇതിനുപകരമായി മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ആധികാരിക രേഖയായി സമർപ്പിക്കണം എന്നാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെടുന്നത്. ഇതോടെ അവസാന നിമിഷത്തിൽ മെഡിക്കൽ സർട്ടിഫിക്കറ്റിനായി നെട്ടോട്ടം ഓടുകയാണ് ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ.
കാഴ്ചയ്ക്കോ ശ്രവണശേഷിയ്ക്കോ വൈകല്യം ഉള്ളവർ, ബൗദ്ധികമായ വെല്ലുവിളികൾ നേരിടുന്നവർ, മസ്തിഷ്ക വൈകല്യം അടക്കമുള്ള 21 തരം വെല്ലുവിളികൾ ഉള്ള കുട്ടികൾക്കാണ് പരീക്ഷകൾക്ക് ആനുകൂല്യങ്ങൾ നൽകുന്നത്. കേരള പൊതു വിദ്യാഭ്യാസ വകുപ്പ് മാനദണ്ഡം അനുസരിച്ച് 40 ശതമാനമോ അതിൽ അധികമോ വൈകല്യമുണ്ടെന്ന് തെളിയിക്കുന്ന മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് പകർപ്പാണ് ഭിന്നശേഷിക്കാരായ കുട്ടികൾ പൊതു പരീക്ഷകൾക്കായി ഹാജരാക്കേണ്ടത്.
Discussion about this post