ലക്‌നൗ: ഒരുകാലത്ത് അസാധ്യമെന്ന് കരുതിയിരുന്നതെല്ലാം ഇന്ത്യ കൈവരിച്ചുകൊണ്ടിരിക്കുകയാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വളരെ വലിയ മാറ്റമാണ് ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്നതെന്നും യോഗി പറഞ്ഞു. സാംപാലിൽ കൽക്കി ധാം ക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വളർച്ചയിൽ അഭിമാനമുണ്ടെന്ന് യോഗി വ്യക്തമാക്കി. ജനങ്ങളുടെ വിശ്വാസത്തെ മാനിക്കുന്നതിലോ അവർക്ക് ഉപീവനമാർഗം ഉറപ്പാക്കുന്നതിലോ മറ്റ് സർക്കാരുകൾ പരാജയപ്പെട്ടപ്പോൾ, മോദി സർക്കാർ ഇവ രണ്ടും ഉറപ്പ് നൽകി.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രാജ്യം സമൃദ്ധി കൈവരിച്ചതായും അദ്ദേഹം വ്യക്തമാക്കി. അഞ്ച് നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷം അയോദ്ധ്യയിൽ രാമക്ഷേത്രം യാഥാർത്ഥ്യമാക്കി. അതിന് പിന്നാലെ യുഎഇയിൽ പ്രൗഢഗംഭീരമായ നാരായാണ ക്ഷേത്രം ഉദ്ഘാടനം ചെയ്തു. ഇപ്പോഴിതാ സാംപാലിനെയും അനുഗ്രഹീതമാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദശകത്തിൽ പുതിയ ഇന്ത്യയുടെ ആവിർഭാവത്തിനാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്. ഈ പുതിയ യുഗത്തിൽ, ഓരോ പൗരന്റെയും സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം, രാജ്യത്തെ അഭൂതപൂർവമായ വളർച്ചയിലേക്കും സമൃദ്ധിയിലേക്കും നയിക്കാനുള്ള അചഞ്ചലമായ പ്രതിബദ്ധയണ് ഉള്ളത്. കാശിയിലെ കാശി വിശ്വനാഥ് ധാമിന്റെ നിർമ്മാണം, അയോദ്ധ്യയിലെ രാംലല്ലയുടെ തിരിച്ചുവരവ്, കേദാർനാഥിന്റെയും ബദരീനാഥിന്റെയും പുനരുജ്ജീവനം, മഹാകാലിൽ മഹാലോക് സ്ഥാപിക്കൽ എന്നിവ പുതിയ ഇന്ത്യയുടെ സത്തയെ പ്രതിഫലിപ്പിക്കുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.









