ആലപ്പുഴ : നടു റോഡിൽ വച്ച് ഭർത്താവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി മരണപ്പെട്ടു. പട്ടണക്കാട് വലിയവീട്ടിൽ ആരതി (32) ആണ് മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു ചേർത്തല താലൂക്ക് ആശുപത്രിക്ക് സമീപത്ത് വെച്ച് ആരതിയെ ഭർത്താവായ ശ്യാം ജി ചന്ദ്രൻ (36) സ്കൂട്ടർ തടഞ്ഞു നിർത്തിയ ശേഷം പെട്രോൾ ഒഴിച്ച് തീ കൊളുത്തിയിരുന്നത്.
വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ആരതി മരണത്തിന് കീഴടങ്ങിയത്. ചേർത്തല താലൂക്ക് ആശുപത്രിക്ക് സമീപത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയാണ് മരണപ്പെട്ട ആരതി. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഇവർ ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു. രാവിലെ ജോലിക്കായി എത്തിയ സമയത്താണ് ഭർത്താവ് ഇവരെ സ്കൂട്ടർ തടഞ്ഞു നിർത്തി വലിച്ചിറക്കിയ ശേഷം പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്.
ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആദ്യം ചേർത്തല താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. യുവതിയെ തീ കൊളുത്തുന്നതിനിടയിൽ ഭർത്താവിനും പൊള്ളലേറ്റിട്ടുണ്ട്. ഇയാൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
Discussion about this post