കണ്ണൂർ : എസ്എഫ്ഐ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തെ തുടർന്ന് കണ്ണൂരിൽ ഗവർണറും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷാവസ്ഥയുണ്ടായി. വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ മരണപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച് മടങ്ങും വഴിയാണ് കണ്ണൂർ മട്ടന്നൂരിൽ വെച്ച് ഗവർണർക്ക് നേരെ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി ഉയർത്തി പ്രതിഷേധിച്ചത്. ഇതോടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വാഹനത്തിൽ നിന്നും ഇറങ്ങി എസ്എഫ്ഐ പ്രവർത്തകരെ വെല്ലുവിളിച്ചു.
എസ്എഫ്ഐ തനിക്കെതിരായി എവിടെ പ്രതിഷേധിച്ചാലും അവിടെ ഇറങ്ങുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. ഗവർണറുടെ വയനാട് സന്ദർശനത്തെക്കുറിച്ച് മുൻകൂട്ടി അറിയാമായിരുന്ന എസ്എഫ്ഐ പ്രവർത്തകർ വയനാട് സന്ദർശിച്ച ശേഷം മട്ടന്നൂർ വിമാനത്താവളത്തിലേക്ക് പോവുന്ന വഴിയിൽ വച്ചാണ് ഗവർണറുടെ വാഹനത്തിന് നേരെ കരിങ്കൊടി ഉയർത്തി പ്രതിഷേധിച്ചത്. പ്രതിഷേധക്കാർ ഗവർണറുടെ വാഹനത്തിന് നേരെ മുൻപിൽ വരെ എത്തിയതോടെ ഗവർണറുടെ വാഹനവ്യൂഹം തടസ്സപ്പെട്ടു.
വാഹനങ്ങൾക്ക് തടസ്സം ഉണ്ടായതോടെയാണ് ഗവർണർ കാറിൽ നിന്നും പുറത്തിറങ്ങിയത്. നിങ്ങൾ എവിടെ പ്രതിഷേധിച്ചാലും അവിടെയെല്ലാം താൻ പുറത്തിറങ്ങും എന്ന് ഗവർണർ എസ്എഫ്ഐ പ്രവർത്തകരോട് വ്യക്തമാക്കി. ഉടൻതന്നെ സിആർപിഎഫും പോലീസും ചേർന്ന് എസ്എഫ്ഐ പ്രവർത്തകരെ മാറ്റിയശേഷം ഗവർണറെ സമാധാനിപ്പിച്ച് തിരികെ വാഹനത്തിലേക്ക് കയറ്റുകയായിരുന്നു.
Discussion about this post